സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

ഖദീസുമ്മാൻ്റെ അവലോസുപൊടി

ഖദീസുമ്മാൻ്റെ അവലോസുപൊടി
(കവിത)
രചന : ജസിയ ഷാജഹാൻ
(ഈദ് സ്പെഷ്യൽ)


മൂത്തു തുടങ്ങും മുമ്പ്
മൂക്കേലടിച്ചുകേറും
മാറുലഞ്ഞുപഴുത്ത
നെഞ്ചാംമൂടിയിളകിയ
ചെമ്പുരുളി പൊന്നുരുക്കിയ
ഖദീസുമ്മാൻ്റെ അവലോസുപൊടിയുടെ മണം..


ഇത്തിരി പോന്ന പറമ്പിന്റെ
അങ്ങേമൂലേല്, കാലഹരണപ്പെട്ട മുറിക്കട്ടകളെ കൂട്ടിച്ചേർത്തടുപ്പുകൂട്ടി
പള്ളിക്കൂടം വിടാറാകുന്ന
നേരം നോക്കി
നാവിറങ്ങിപ്പോകണ രുചിയുള്ള
അവലോസുപൊടി
ഇളംറോസില് കരുകരാന്ന്
പാകമാകും...

ഒരു നിറനാഴിയും വട്ടയിലകളും പേപ്പറുകളുംനിരത്തിവച്ച്
റൗക്കയിൽ കുതിർന്ന ഭൂപടങ്ങളെ
കാറ്റിനും വെയിലിനും പതിച്ച് നൽകി ,നടുവൊന്നു നിവർത്തി നിശ്വാസം പൊഴിക്കുമ്പോഴേക്കും
വികൃതിക്കൂട്ടങ്ങളുടെ
നീണ്ടു വരുന്ന കൈകൾ പൊങ്ങിയും താണും
മത്സരിക്കുന്നുണ്ടാകും
ആദ്യ പൊതിക്കുവേണ്ടി.

പിന്നെയൊരു മേളമാണ്..
അന്തി ചുവന്നു പൊഴിയും
വരെ ഖദീസുമ്മ ഒരു ശ്വാസമെങ്കിലും വലിച്ചോയെന്ന് വീക്ഷിച്ച് ചുറ്റുവട്ടത്ത് മിണ്ടാട്ടം മുട്ടി
കുറേ അടയ്ക്കാകിളികളും
ആനച്ചെവിയന്മാരും ആഞ്ഞിലി ചക്കകളും ചെവി വട്ടം പിടിച്ച് വലയുന്നുണ്ടാകും.

ഒടുവില് ഉടഞ്ഞുവാരണ ഓർമ്മകളീന്ന് കെട്ടിയോൻ
മമ്മദിക്കാനെ പരതി..
ചെമ്പുരുളിയെ നെഞ്ചോട്
ഒന്നു കൂടി ചേർത്തുവച്ച്
ആടിയാടി ക്ഷീണത്തെ മറികടന്ന് ഖദീസുമ്മ പുരയിലേക്ക്
കാലെടുത്തു വയ്ക്കുമ്പോൾ
അവലോസു പൊടിതിന്ന് പൂതി മാറാതെ പെണ്ണ് ചോദിച്ചു വന്ന ചെറുപ്പക്കാരൻ പുയ്യാപ്ലയായി മമ്മദിക്കപുരനിറഞ്ഞ് നിക്കണുണ്ടാകും..

ഞങ്ങക്കിന്നും ഒട്ടും ബാക്കിവച്ചിട്ടില്ലേന്ന് പരിഭവം ചോദിച്ച് വന്ന്ഉരുളീ തൂങ്ങണ നെബീസൂനേം ബിയ്യാത്തൂനേം വാരിയെടുത്തണച്ച്
അന്തറിൻ്റെ പീട്യേന്ന്
പലഹാരം വാങ്ങാൻ ചില്ലറത്തുട്ടുകൾ വച്ചുനീട്ടുമ്പോൾ ഖദീസുമ്മആരും കാണാതെ മടിയിലൊളിപ്പിച്ച ഒരുവട്ടയില അവലോസുപൊടി
മണിയറയിൽ മമ്മദിക്കാന്
വിളമ്പുന്ന നല്ല ശേലുള്ള മൊഞ്ചത്തിയായിട്ടുണ്ടാകും..
അവളുടെ അവലോസുപൊടി മണം നുകർന്ന ശീതക്കാറ്റ് പതിവുപോലെ നാടുചുറ്റാൻ ചൂളം വിളിച്ച് പായുന്നുണ്ടാകും.


രചന : ജസിയ ഷാജഹാൻ
⊶⊷⊶⊷❍❍⊶⊷⊶⊷
𝚌𝚘-𝚘𝚛𝚍𝚒𝚗𝚊𝚝𝚘𝚛 :
𝚃𝙷𝙰𝙽𝙺𝙰𝙼𝙼𝙰 𝙺𝙰𝙿𝙸𝙻𝙽𝙰𝚃𝙷
94962 63144
𝚂𝚄𝚁𝙴𝚂𝙷 𝙴𝚁𝚄𝙼𝙴𝙻𝚈
86065 44750
𝚠𝚠𝚠.𝚟𝚊𝚛𝚊𝚖𝚘𝚣𝚑𝚒.𝚒𝚗

No comments: