സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

നേരമില്ലാത്ത നേരങ്ങളിൽ

നേരമില്ലാത്ത നേരങ്ങളിൽ
(ലേഖനം)
രചന : ദൃശ്യ നമ്പ്യാർ



തൂലിക വീണ്ടുംതാളുകളോട് മന്ത്രിച്ചു...,
എന്തേ? നീ എന്നെ തലോടുന്നതേയില്ല...!ഒരു നീണ്ട ഇടവേളയ്ക്കൊടുവിൽ അതിരാവിലെ ആ പുസ്തകം എന്നോടെന്തോ പറയുവാനെന്നോണമെത്തിനോക്കി.
നേരമില്ലാത്ത നേരങ്ങളിൽ നിങ്ങളെ ചേർത്തുവയ്ക്കുവാൻ മറന്നിരുന്നു ഞാൻ.അതിന്റെ പരിഭവം ഉണ്ടെന്നു തോന്നുന്നു.

കുറേനാൾ തിരിഞ്ഞുനോക്കാതെ വീണ്ടും സ്‌നേഹിക്കുമ്പോൾ അല്ലെങ്കിലും നിങ്ങൾക്ക് ഈ പരിഭവം ഉണ്ടാവാറുണ്ട്.ഇന്നാ തൂലികയെ വീണ്ടുംകയ്യിൽ തഴുകി.
ഒരോർമ്മപെടുത്തൽ എന്നോണം അതെന്റെ താളുകളിൽ എന്തോ അറിയാതെ കുറിച്ചു.

" നേരമില്ലാത്ത നേരങ്ങളിൽ നീ എന്നെ മറന്നുപോകുന്നു. എങ്കിലും ആരുമില്ലാത്ത ശൂന്യതകളിൽ ഞാനേ ഉണ്ടായിരുന്നുള്ളു!"അതെന്റെ ഹൃദയത്തിനോട് മന്ത്രിച്ചു!
എന്നാലും എന്തൊരു അത്ഭുമാണത്..

ഞാൻ ആ തൂലികയെ ചേർത്തുപിടിച്ചു. എന്തോ ഒരു നാശത്തിന്റെയോ, നഷ്ടത്തിന്റെയോ വരാനിരിക്കുന്ന വേദനയ്ക്കുവേണ്ടിയാണോ അതോ പുതിയ പൂക്കൾക്ക് വസന്തമാകുവനാണോ?!എന്തോ കാരണമെന്നോണം അത് വീണ്ടും ചലിക്കാൻ തുടങ്ങി.
നേടിയെടുക്കാൻ കഴിയാതെ തോന്നുന്ന ചില യഥാർഥ്യങ്ങളെ ഓർമിപ്പിച്ചുകൊണ്ട് അതു വീണ്ടും ആ താളുകളെ ചുംബിക്കുവാൻ നീങ്ങി തുടങ്ങിയിരുന്നു...

വൈകിയ വേളയിലെ ഏകാന്തമായ ചിന്തയ്ക്കൊടുവിൽ ചില അക്ഷരങ്ങൾ വാക്കുകളായി.. വാക്കുകൾ പൂർണതയെത്താത്ത ഒരുകൂട്ടം എഴുത്തുകളായി. അവ കൂടി ചേർന്നപ്പോൾ എന്തൊക്കെയോ സത്യങ്ങളും കളവുകളും പിറവി കൊണ്ടു.. കവിതകളും, കഥകളും ആയി രൂപാന്തരപ്പെട്ടു.. ചിലപ്പോഴൊക്കെ ശൂന്യത അറിയുവാനും ഏകാന്തതയെ ഇഷ്ടപ്പെടാനും എന്തോ നിങ്ങൾ വല്ലാതെ ശ്രമിക്കുന്നുണ്ട്..

എന്തുകൊണ്ടാണ് കയ്യിലെടുത്തപ്പോൾ നീ ആ താളുകളോട് ചേർന്ന് ഇങ്ങനെ പരിഭവിക്കുന്നത്.. എന്റെ ഹൃദയത്തിനോട് നീ ഒന്നും എഴുതുവാൻ ചോദിച്ചില്ല. എങ്കിലും വൈകിയ വേളകൾക്കൊടുവിൽ ഒരുപാട് ഏകാന്തമായ നാളുകളുടെ ചിന്തകൾക്കൊടുവിൽ ഉച്ചമയക്കം എന്നോണം നിന്റെ താളുകളോട് ചേർന്ന് ഞാൻ ഒരുപാട് നിമിഷം നിദ്രയിലേക്കാഴ്ന്നു. രാത്രികൾക്ക് പോലും നിദ്രയെ കീഴ്പ്പെടുത്താൻ കഴിയാത്ത എന്തു ആത്മബന്ധമാവാം നിനക്ക് ആ തൂലികയോടും താളുകളോടും തോന്നുന്നത്.

എങ്ങനെയാവാം ഓരോ എഴുത്തുകളും രചിക്കപ്പെടുന്ന കൈകളെയും ഹൃദയങ്ങളെയും ഇത്രമേൽ ശാന്തമാക്കുന്നതും സ്വാധീനിക്കുന്നതും..തിരക്കുപിടിച്ച നേരങ്ങളിലും ഏകാന്തതകളെ പ്രണയിക്കാറുള്ള ചില എഴുത്തുകാർ.. അവരെല്ലാം നിങ്ങളിൽ സന്തോഷം തേടുന്നു.ഒന്നും ഒരു തുടക്കം ആകുന്നില്ല .ഒരിക്കലും ഒരു ഒടുക്കവും ആകുന്നില്ല.. വെറുതെ കുത്തിക്കുറിച്ച ഒരുപാട് എഴുത്തുകൾ... അവയിൽ ചിലത് കൂട്ടിച്ചേർത്തപ്പോൾ അവയും ആ കൂടിച്ചേരൽ ആഗ്രഹിക്കുന്നുവോ എന്നൊരു തോന്നൽ ഉണ്ടായി.അങ്ങനെ പിന്നീട് അതിന്റെ പിറകെ ഒന്ന് പോയി. ഇപ്പോൾ അത് നിങ്ങളുടെ കയ്യിൽ ഉണ്ടല്ലേ. ജീവിതത്തെ മനോഹരമാക്കിയതും മടുപ്പിച്ചതും വെറുപ്പിച്ചതും പ്രതീക്ഷകൾ തന്നതും ആയ എത്രയോ ദിനങ്ങൾ. കൊഴിയലുകളിൽ ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നതും ഒരിക്കലും തിരിച്ചുപോക്ക് ഉൾക്കൊള്ളാൻ കഴിയാതെ പോന്നതും..

ഇത് ഇവിടം തീരുന്നതേയില്ല. ലോകം ഇങ്ങനെ നീളുന്നു. അനുഭവങ്ങളും ആഗ്രഹങ്ങളുംb ഒരുപാടു കണ്ടുമുട്ടലുകളും പുതിയ വ്യക്തികളും ബാക്കിയാകുന്നു...അങ്ങനെ ഒരിക്കൽ ഞാനും നിങ്ങളും കണ്ടുമുട്ടട്ടെ...
പൂർത്തിയാക്കാതെ ഒരു ഇടവേളയ്ക്കായി ഈ താളും തൂലികയും ഇവിടെ ഇരിക്കട്ടെ.
രചന : ദൃശ്യ നമ്പ്യാർ
⊶⊷⊶⊷❍❍⊶⊷⊶⊷
𝚌𝚘-𝚘𝚛𝚍𝚒𝚗𝚊𝚝𝚘𝚛 :
𝚃𝙷𝙰𝙽𝙺𝙰𝙼𝙼𝙰 𝙺𝙰𝙿𝙸𝙻𝙽𝙰𝚃𝙷
94962 63144
𝚂𝚄𝚁𝙴𝚂𝙷 𝙴𝚁𝚄𝙼𝙴𝙻𝚈
86065 44750
𝚠𝚠𝚠.𝚟𝚊𝚛𝚊𝚖𝚘𝚣𝚑𝚒.𝚒𝚗

No comments: