സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

ഇരുപത്തിമൂന്നാം സങ്കീർത്തനം

ഇരുപത്തിമൂന്നാം സങ്കീർത്തനം (ചെറുകഥ)
രചന : മഹേഷ്‌ ഏബ്രഹാം



മഴ തോർന്നു എന്ന വിശ്വാസത്തിൽ എഴുത്ത് മുറിയുടെ ജനൽ പാളി മെല്ലെ തുറന്നു തണുത്ത കാറ്റിനൊപ്പം പുതു മണ്ണിന്റെ ഗന്ധവും ഇരച്ചുകയറി.അകലെ ആനമലയുടെ ഹൃദയ ഭാഗത്ത് പതിവുപോലെ വെള്ള നിറം കാണാൻ കഴിഞ്ഞു..

കുറെ നാളുകളായി എല്ലാം രാത്രികളിലും ഇങ്ങനെയാണ് എന്ത് കൊണ്ടാണ് അങ്ങനെയെന്ന് അറിയാൻ റോയി കളപ്പുരയിൽ എന്ന എഴുത്തുകാരന് ഇതുവരെ സാധിച്ചിട്ടില്ല .ചിലപ്പോൾ നിലാവ് പതിച്ചതാകാം അപ്പൂപ്പൻ താടികൾ പകൽ സഞ്ചാരം മതിയാക്കി കൂടണഞ്ഞതാകാം അതുമല്ലെങ്കിൽ മിന്നാമിനുങ്ങുകൾ ഭൂമിക്കു പുടവ നെയ്യുന്നതാകാം.ഊഹിക്കാൻ മാത്രമേ കഴിയു.

എന്തെന്നാൽ അയാൾ ഇതുവരെ അവിടേക്കു പോയിരുന്നില്ല.
“‘കര്‍ത്താവാണ് എന്റെ ഇടയന്‍ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു............

അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും“ സങ്കീർത്തനം വായിച്ച് കഴിഞ്ഞ ശേഷം സാനിയ പ്രാർത്ഥന മതിയാക്കി പ്രാർത്ഥന മുറിയിൽ നിന്നും റോയിയുടെ എഴുത്തുമുറിയുടെ വാതിക്കൽ വന്നു, മുൻപ് അവൾ സങ്കീർത്തനം വായിച്ച ശേഷം പാട്ട് പാടുമായിരുന്നു അത് കഴിഞ്ഞേ പ്രാർത്ഥന നിർത്താറുള്ളായിരുന്നു

ഇപ്പോൾ കുറെ കാലമായി അവൾ പാടാറില്ല.മുൻപ് അവളോടൊപ്പം റോയിയും പ്രാർത്ഥനയ്ക്ക് കൂടുമായിരുന്നു ഇല്ലെങ്കിൽ നിർബന്ധിച്ചു അവൾ കൂടെ കൂട്ടുമായിരുന്നു.ഇപ്പോൾ അവൾ നിർബന്ധിക്കാറുമില്ല അയാൾ പോകാറുമില്ല.

“അത്താഴം കഴിക്കുന്നില്ലേ ”അവൾ ചോദിച്ചു.“നീയുംകഴിച്ചില്ലലോ നമ്മുക്ക് ഒരുമിച്ചിരിക്കാം ”അയാൾ സാനിയയോട് പറഞ്ഞു.
“എനിക്ക് വിശപ്പില്ല റോയി കഴിക്ക് ഞാൻ എല്ലാം എടുത്തു വച്ചിട്ടുണ്ട് ”അത്ര മാത്രം പറഞ്ഞു കൊണ്ട് അവൾ കിടപ്പു മുറിയിലേക്ക് പോയി.

കുറച്ച് മാസങ്ങളായി സാനിയ ഇങ്ങനെയാണ് അവളുടെ ഈ മാറ്റം റോയിയെ ഏറെ വേദനിപ്പിക്കുന്നു,ആദ്യം അയാൾ കരുതി വിവാഹം കഴിഞ്ഞ് പതിനേഴ്
വർഷങ്ങളായിട്ടും കുട്ടികൾ ആകാഞ്ഞതിനാലാകുമെന്ന് പിന്നീട് ചിന്തിച്ചപ്പോൾ അയാൾക്ക് തോന്നി അതായിരിക്കില്ല കാര്യം എന്തെന്നാൽ ഈ ഒരു വിഷയത്തിൽ അയാൾ പലപ്പോഴും ഒരു വിഷാദ രോഗിയെ പോലെ ഇരിക്കുമ്പോൾ അവൾ ഏറെ ആശ്വസിപ്പിച്ചിട്ടുള്ളതാണ് റോയി ഇപ്പോഴും ഓർക്കുന്നു .

അയാളുടെ ഏതോ പുസ്തക പ്രകാശന ചടങ്ങിൽ ആരോ താങ്കളോടായി നിങ്ങളുടെ കുട്ടികൾ ഒക്കെ എന്ന ചോദ്യത്തിന് അവൾ പറഞ്ഞ മറുപടി “ഈ മോൾക്ക് ഒരു മോനുണ്ട് ആ മോന് ഈ ഒരു മോളുമുണ്ട്. ..അങ്ങനെ ഇരിക്കെ കഴിഞ്ഞ ക്രിസ്മസ് രാത്രിയിൽ ഉള്ളിലുള്ള അൽപ്പം മദ്യത്തിന്റെ ധൈര്യത്തോടെ അവളോട് അയാൾ ചോദിച്ചു “എന്ത്‌ പറ്റി

തനിക്ക് ഇങ്ങനെ ഒരു അവഗണന എനിക്ക് തരാൻ താൻ ആകെ മാറി ഇരിക്കുന്നു ”അറിയാതെ സാനിയയുടെ ഇടുപ്പിൽ പതിഞ്ഞ റോയിയുടെ വലതു കരം നീക്കി അവൾ ഇങ്ങനെ പറഞ്ഞു “മാറിയത് ഞാനല്ല റോയി അല്ലേ? എന്നെക്കാൾ നന്നായി റോയിക്കറിയാം ഞാൻ നിങ്ങൾ എന്ന വ്യക്തിയേക്കാൾ ഉപരി എഴുത്തു കാരനെയാണ് ഇഷ്ടപെട്ടത് എനിക്ക് വേണ്ടി എഴുതിയിരുന്ന എന്റെ മാത്രം എഴുത്തുകാരനെ.“
“സാനിയ ഞാൻ അതിന് ഇപ്പോഴും എഴുതുന്നില്ലേ? ”
“റോയി എഴുതുന്നില്ല എന്ന് ഞാൻ പറയുന്നില്ല ഞാൻ ഇഷ്ടപ്പെട്ടിരുന്ന ഒന്നും എഴുതുന്നില്ല എന്നേ പറഞ്ഞുള്ളു.

റോയിയുടെ എല്ലാ കഥകളിലും ഇപ്പോൾ മരണമാണ് പ്രമേയം. ”
സാനിയ പറഞ്ഞതിൽ വ്യക്തത വരാത്തതുകൊണ്ട് ആകാം അയാൾക്ക് മറ്റാരെങ്കിലുമായി ഇതിനെ കുറിച്ച് ചർച്ച ചെയ്യാൻ തോന്നി അങ്ങനെയാണ് ഓഫീസിലെ ശ്രീനിവാസൻ സാറിനെ കുറിച്ച് ഓർത്തത് അയാൾ ശ്രീനിവാസനോട് എല്ലാം തുറന്നു പറഞ്ഞു.

“റോയി ഇതൊരു സീരിയസ് ഇഷ്യൂ അല്ല എനിക്ക് സാനിയയെ മനസിലാക്കാൻ സാധിക്കും നിങ്ങൾ പ്രണയ കഥകളെഴുതുന്നതിൽ നിന്നും അകലുന്നത് ഒരു പക്ഷേ അവൾക്ക് നിങ്ങൾ അവളിൽ നിന്നും വേർപെട്ടത് പോലെയാകാം തോന്നിയത്. എന്ത് കൊണ്ട് നിങ്ങൾക്ക് വീണ്ടും ഒരുവട്ടമെങ്കിലും അവൾക്കായി എഴുതി കൂടാ. .ശ്രീനിവാസ് പറഞ്ഞു നിർത്തി.

പതിനേഴു വർഷങ്ങൾക്ക് മുൻപ് കൈ പറ്റിയ ഒരു പോസ്റ്റ്‌ കാർഡ് ഇപ്പോൾ ഓർക്കുന്നു “പ്രിയപ്പെട്ട റോയി സർ,
താങ്കൾ എഴുതിയ മഞ്ഞണിഞ്ഞ ലില്ലി പൂക്കൾ എന്ന കഥവായിച്ചു വളരെ നന്നായിരുന്നു.ആശംസകൾ സ്നേഹപൂർവ്വം,
സാനിയ മറിയം ജേക്കബ്,
തേർഡ് ഡിസി, സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം.

അതെ അവളിലെ പഴയ കഥാകാരനെ തിരികെ കൊണ്ട് വരണംആരാത്രി തന്നെ അയാൾ ആനമലയിലേക്ക് നടന്നു നീങ്ങി എത്രയും വേഗം അയാൾക്ക് ഒരു പ്രണയകഥ എഴുതണമായിരുന്നു പണ്ടും ഇതുപോലെയുള്ള സ്ഥലങ്ങളിലായിരുന്നു അയാളുടെ പല പ്രണയ കഥകളും ജനിച്ചിരുന്നത്.അയാൾ ഊഹിച്ചതുപോലെ തന്നെ അതിമനോഹരമായിരുന്നു ആ സ്ഥലം കുന്നിൻ ചെരുവിൽ അരളിപ്പൂക്കൾ മഞ്ഞിന്റെ തലോടലാൽ ഉറങ്ങുകയായിരുന്നു മലയുടെ ഒരു വശത്തായി അയാൾ ഇരുപ്പ് ഉറച്ചു.

ഇപ്പോൾ താഴേക്ക് നോക്കിയാൽ ഒരു ദേവാലയം കാണാം അവിടെ ഇപ്പോൾ എന്തോ ശുശ്രൂഷ നടക്കുന്നുണ്ട് എന്ന് തോന്നുന്നു.
വർഷങ്ങൾക്കു മുൻപുള്ള ഒരു വിവാഹ ദിവസം അയാൾ ഓർക്കാനിടയായി “നിങ്ങളുടെ പരസ്പര സ്നേഹം കൂടുതൽ കൂടുതൽ കവിഞ്ഞൊഴുകാൻ നിങ്ങളുടെ അറിവിലും ധാരണയിലും നിങ്ങൾ വളർന്നുകൊണ്ടിരിക്കണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു.

റോയി,സാനിയ നിങ്ങൾ ഇനിമുതൽ ഇരു ജീവനുകൾ ഒരുമിച്ചു കൊണ്ടു പോകുന്ന ഒരേ ഹൃദയത്തിന്റെ ഉടമകളാണ് അത്രയും പറഞ്ഞു പുരോഹിതൻ നിർത്തുമ്പോൾ ആശിർവാദം പോലെ മഴ പെയ്യുന്നുണ്ടായിരുന്നു.
അതുപോലെ ഇപ്പോൾ പെയ്ത മഞ്ഞുതുള്ളികൾ കോർത്തു കൊണ്ട് ഒരു പ്രണയകഥ അയാൾ ഉള്ളിലേക്ക് ആവാഹിച്ചു.

“എന്റെ പ്രേമധാമമേ, ഫറവോയുടെരഥത്തില്‍കെട്ടിയ പെണ്‍കുതിരയോടു നിന്നെ ഞാന്‍ ഉപമിക്കുന്നു. നിന്റെ കവിള്‍ത്തടങ്ങള്‍കുറുനിരകൊണ്ടു ശോഭിക്കുന്നു; നിന്റെ കഴുത്തു രത്‌നമാലകള്‍കൊണ്ടും,വെള്ളിപതിച്ച സ്വര്‍ണാഭരണങ്ങള്‍ നിനക്കു ഞങ്ങള്‍ ഉണ്ടാക്കിത്തരാം...

അങ്ങനെ പ്രേമത്തിന്റെ ഉത്തമ ഗീതങ്ങൾ കാത്തിരുന്ന ഒരു വേനൽ മഴ പോലെ ഉള്ളിലേക്ക് പെയ്യുമ്പോഴായിരുന്നു ദൂരെ ഒരു ആൾക്കൂട്ടം ശ്രദ്ധിച്ചത് ആ ആൾക്കൂട്ടത്തിൽ എല്ലാം വെള്ള വസ്ത്രധാരികളായിരുന്നു അതിൽ കുഞ്ഞുകുട്ടികൾ മുതൽ വൃദ്ധന്മാർ വരെ ഉണ്ടായിരുന്നു,സ്ത്രീകളും ഉണ്ടായിരുന്നു അവരിൽ കുട്ടികളും സ്ത്രീകളും കൈയിൽ ഒരു വലിയ മെഴുകുതിരി ഏന്തി ആയിരുന്നു വന്നത്, പുരുഷന്മാരുടെ കയ്യിലാകട്ടെ ഒരു മര കുരിശും.

ആനമലയുടെ ഹൃദയഭാഗത്ത് താൻ കാണാറുള്ള വെള്ള നിറം ഇതായിരുന്നു എന്ന് റോയിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു.
ഇടയന്റെ അരികിലേക്ക് വന്ന ആട്ടിൻപറ്റത്തെപ്പോലെ അവർ റോയിയുടെ അരികിലേക്ക് വന്നു.
കൂട്ടത്തിൽ വൃദ്ധനായ ഒരാൾ റോയിയെ നോക്കി പുഞ്ചിരിച്ച ശേഷം ഇങ്ങനെ പറഞ്ഞു തുടങ്ങി “ഞങ്ങളിൽ പലർക്കും താങ്കളെ അറിയാം സാമൂഹിക നീതി പുലർത്തിയിരുന്ന താങ്കളുടെ കൃതികൾ ഞങ്ങൾ വായിച്ചിട്ടുണ്ട്. .പക്ഷേ ഞങ്ങൾക്കായി മാത്രം നിങ്ങൾ ഒന്നും എഴുതിയിരുന്നില്ല.

നിങ്ങൾ എന്നല്ല ആരും
”നിങ്ങളൊക്കെ ആരാണ്? അൽപ്പം ഭയത്തോടെ റോയി ചോദിച്ചു.അതിനു മറുപടി നൽകിയത് കത്തിച്ച മെഴുകുതിരിയുമായി നിന്നിരുന്ന ഒരു സ്ത്രീ ആയിരുന്നു “ ഞങ്ങൾ മൃതിയടഞ്ഞ ഒരു കൂട്ടം കർഷകരാണ് ഞങ്ങളിൽ കടബാധ്യത മൂലം ആത്മഹത്യ ചെയ്തവരുണ്ട്, വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൊല്ലപ്പെട്ടവരുണ്ട് ,പ്രകൃതിക്ഷോഭങ്ങൾ കൊണ്ട് മരണപെട്ടവരുണ്ട്. ..
ഞങ്ങൾക്ക് വേണ്ടിയും താങ്കൾ എന്തെങ്കിലും എഴുതണം “സ്ത്രീ പറഞ്ഞു നിർത്തി .

”ഞാൻ എഴുതാം “റോയി ഇടറിയ ശബ്ദത്താൽ പറഞ്ഞു, അപ്പോൾ ആ വൃദ്ധൻ മരകുരിശു കൊണ്ട് അയാളുടെ നെറുകിൽ തലോടി അതിനു ശേഷം അവർ ഒരു ജാഥയായി താഴെക്കിറങ്ങി അവർ പോകുന്നത് നോക്കി നിൽക്കാതെ റോയ് തിരികെ നടന്നു എന്താണ് സംഭവിച്ചത് താൻ ദുരാത്മക്കളാൽ ചുറ്റപ്പെട്ടുവോ അതോ അവഗണിക്കപ്പെട്ട ഒരു സമൂഹം തന്നെ തേടി വന്നതോ? അവർ ആവശ്യപ്പെട്ടത് പോലെ എഴുതണോ അതോ സാനിയക്ക് വേണ്ടി എഴുതണോ നെറ്റിയിലെ വീർപ്പുതുള്ളികൾ ഒപ്പിയെടുത്തു കൊണ്ട് അയാൾ എഴുത്തു മുറിയുടെ ജനാല തുറന്നു പ്രണയകഥ എഴുതാൻ വന്ന അയാളുടെ മനസ്സ് ഇപ്പോൾ മുന്നിൽ ഇരിക്കുന്ന വെള്ളക്കടലാസ് പോലെ ശൂന്യമാണ് ആർക്കുവേണ്ടി എഴുതണം എന്തെഴുതണം എന്ന ചിന്തയിൽ അയാൾ സമയം തള്ളി നീക്കി.

'മരണത്തിന്റെ എഴുത്തുകാരൻ‘ എന്നൊരു തലക്കെട്ട് മാത്രം എഴുതിക്കൊണ്ട് അയാൾ കസേരയിൽ ഇരുന്ന് കൊണ്ട് എങ്ങനെയോ നേരം വെളുപ്പിച്ചു.ഇടയ്ക്കിടയ്ക്ക് ആശിർവാദം നൽകിയ മരകുരിശുകൾ തന്റെ ശിരസ്സ് തകർക്കാൻ വരുന്നത് പോലെ തോന്നി.

സാനിയ പ്രഭാത പ്രാർത്ഥന തുടങ്ങിയത് അയാൾ അറിഞ്ഞിരുന്നില്ല അവൾ സങ്കീർത്തനം വായിച്ചു തുടങ്ങിയപ്പോഴായിരുന്നു അയാൾ കണ്ണ് തുറന്നത് പ്രാർത്ഥന മുറിയിൽ നിന്നും അവളുടെ ശബ്ദം കേൾക്കാം “മരണത്തിന്റെ നിഴല്‍വീണതാഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക് ഉറപ്പേകുന്നു........

No comments: