ചില ആഗോള കായിക ദേശചിന്തകൾ
(ലേഖനം)
രചന : സൈഫുദ്ദിൻ റോക്കി
ഒരു രാജ്യത്തിന്റെ പേരും പെരുമയും ലോകത്തിന് മുന്നിൽ തിളക്കമുള്ളതാകുന്നത് ഏതെങ്കിലും കായിക ഇനത്തിലെ മികവ് കൊണ്ടായിരിക്കും. ഫുട്ബോൾ എന്ന് കേട്ടാൽ ബ്രസീലിനെ ഓർക്കുന്നത്, ആ രാജ്യം ഏത് കൊച്ചു കുട്ടിക്കും പരിചിതമായത് ഫുട്ബോളിലെ സാമ്പാ നൃത്തച്ചുവടുകൾ കൊണ്ടായതിനാലാണ്.
ഫുട്ബോൾ മാത്രമല്ല, ഏത് കായിക വിനോദവും ഒരു രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്. അത് കൊണ്ട് ഓരോ രാജ്യവും കായികരംഗത്തിന്റെ വളർച്ചയ്ക്ക് മതിയായ പരിഗണന നൽകിപ്പോരുന്നു. ഇക്കാര്യത്തിൽ നമ്മേക്കാൾ മുൻപന്തിയിൽ പാശ്ചാത്യ രാജ്യങ്ങളാണ്.
ആഗോള കായിക വിപണിയുടെ നല്ലൊരു ഭാഗവും ലോകത്തെ വലിയ രാജ്യങ്ങൾ കയ്യടക്കിയിരിക്കുന്നത് ഇതിലെ കമ്പോള സാധ്യത മുന്നിൽ കണ്ടത് കൊണ്ടുകൂടിയാണ്. 2018 ൽ പുറത്ത് വിട്ട കണക്ക് പ്രകാരം യു എസ് എ ആഗോള കായിക വിപണിയുടെ 32.5ശതമാനം കൈവശപ്പെടുത്തിയിരിക്കുന്നു എന്നാണ്. ചൈനയുടേത് 12.7 ശതമാനവും.സൗദി അറേബ്യ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കായികരംഗത്ത് ചിലവഴിച്ച തുകയ്ക്കൊപ്പം എത്താൻ മറ്റേതൊരു രാജ്യത്തിനും കഴിയില്ലെന്നാണ് വിഖ്യാത ഇംഗ്ലീഷ് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സ് പറയുന്നത്.
കായികമേഖല ഒരു മികച്ച വാണിജ്യ തുരുത്തായി മാറുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. അത് കൊണ്ട് ഒരു രാജ്യത്തിനും ഇതിൽ നിന്ന് മാറി നിൽക്കാനാവില്ല. അങ്ങനെ മാറി നിൽക്കുന്നവർ ഈ മത്സരലോകത്ത് പാടേ പുറന്തള്ളപ്പെടുന്ന ഒരു സ്ഥിതി വിശേഷമാണ് സംജാതമാവുക. ഇന്ത്യയിലും,ഇങ്ങ് കേരളത്തിലും ഇതിന്റെ പ്രതിധ്വനികൾ കാണാൻ കഴിയുന്നുണ്ട്.
കഴിഞ്ഞഒരുപതിറ്റാണ്ടി
ലേറേയായി ഇന്ത്യയാണ് ക്രിക്കറ്റ് ലോകത്തിന്റെ അവസാന വാക്ക്. ട്വന്റി ട്വന്റി ഫോർമേഷൻ കൂടി അവതരിച്ചതോടെ അതിലെ വിപണി സാധ്യത കണ്ടെത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാതൃകയിൽ ഐ പി എൽ സംഘടിപ്പിച്ചപ്പോൾ അത് ആഭ്യന്തര താരങ്ങൾക്കും ഒരു വലിയ സാധ്യത നൽകുന്നതായി. 10.7 ബില്യൺ ഡോളർ (ഏകദേശം 89,232 കോടി ഇന്ത്യൻ രൂപ)ആണ് ഐ പി എലിന്റെ വിപണി മൂല്യം.. ഇന്ത്യൻ ദേശീയ ടീമിലേക്ക് ഒരുപാട് പുതുമുഖങ്ങൾ ഐ പി എൽ വഴി എത്തിയിട്ടുണ്ടെന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ശോഭനമാണ് എന്ന് വിളിച്ചോതുന്നതാണ്.
കഴിഞ്ഞ ഐ സി സി ലോകകപ്പിലും അണ്ടർ 19 ലോകകപ്പിലും ഇന്ത്യയാണ് ഫൈനലുസ്റ്റുകൾ.
ഫിഫ പ്രസിഡന്റ് ഒരിക്കൽ പറഞ്ഞത് ഇന്ത്യ ഫുട്ബോളിൽ ഉറങ്ങിക്കിടക്കുന്ന ഒരു സിംഹമാണെന്നാണ്! ഫിഫ തലവന്റെ ആ വാക്ക് പ്രചോദനമാക്കി ഫുട്ബോളിൽ ഇന്ത്യൻ സൂപ്പർ ലീഗ് അവതരിപ്പിച്ചപ്പോൾ അത് ദേശീയ ഫുട്ബോളിലും വലിയ മാറ്റങ്ങൾ കൊണ്ടു വന്നു. ഇന്റർകോണ്ടിനെന്റൽ കപ്പും സാഫ് ചാമ്പ്യൻഷിപ്പ് കിരീടവും നേടിയ ഇന്ത്യൻ ടീം ഒരു ഇടവേളയ്ക്ക് ശേഷം ഏഷ്യൻ കപ്പിനും യോഗ്യത നേടിയത് ഐ എസ് എലിലൂടെ പയറ്റിതെളിഞ്ഞ ഒരു പറ്റം യുവ കളിക്കാരുടെ മികവിലായിരുന്നു.
ഇങ്ങനെ കായികരംഗത്തിന്റെ വിപണി സാധ്യത കണ്ടെത്തിക്കൊണ്ട് കൂടുതൽ പേർ പണമിറക്കാൻ തയ്യാറാകുമ്പോൾ രക്ഷപ്പെടുന്നത് ഒരുപാട് കായികതാരങ്ങളാണ്. അതേ സമയം, കലയും കായികവും കച്ചവടച്ചരക്കാക്കി മാത്രം പരിഗണിച്ചു പോന്നപ്പോൾ അവയ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിയും ഗുണത്തേക്കാളേറെയുണ്ടെന്ന് വിസ്മരിക്കുന്നില്ല. ദേശീയ ടീമിൽ 'പരിക്ക്' പറ്റാതെ കളിക്കുന്ന ചില കളിക്കാരുടെ കൂറ് എങ്ങോട്ടാണെന്ന് ആർക്കും വായിച്ചെടുക്കാം. കളിയിൽ പണമൊഴുക്ക് കൂടിയപ്പോൾ പ്രൊഫഷണലിസവും ചില മാനദണ്ഡങ്ങളിലൂടെ തഴച്ചു വളർന്നു. സാമ്പത്തികവും മറ്റു സൗകര്യങ്ങളുമില്ലാത്തവർ പടിക്ക് പുറത്തായി.
ഇന്ത്യയിൽ ആയാലും കേരളത്തിൽ ആയാലും സ്പോർട്സിനെ എന്നും രണ്ടാം കിടമായേ പരിഗണിച്ചു പോരുന്നുള്ളൂ. കളിയുടെ പിരീഡിനെ പല സ്കൂളുകളിലും ഗണിതവും ഇംഗ്ലീഷും പാഠഭാഗങ്ങൾ പൂർത്തിയാക്കാനുള്ള ഒരു അവസരമായിട്ടാണ് കാണുന്നത്. ഒളിമ്പിക്സിലെ രാജ്യത്തിന്റെ മോശം പ്രകടനം കാണുമ്പോൾ ഈ വികലമായ നയങ്ങൾ നമ്മൾ തമാശയായിട്ടാണെങ്കിലും ചൂണ്ടികാണിക്കുന്നുണ്ട്.
രണ്ടാം പിണറായി സർക്കാർ കായികത്തിന് മാത്രമായി ഒരു മന്ത്രിയെ നിയോഗിച്ചപ്പോൾ പല കായിക നിരീക്ഷകരും പ്രത്യാശ പ്രകടിപ്പിച്ചത് ഈ മേഖലയുടെ വികസനത്തിന് വേണ്ടി കൂടുതൽ സമയം പ്രവർത്തിക്കാൻ ഒരു മന്ത്രിക്കാവും എന്നതിനാലാണ്.
ലോക ഫുട്ബോൾ ചാമ്പ്യൻമാരായ അർജന്റീനയെ കേരളത്തിൽ കളിപ്പിക്കുന്നതും തിരുവനന്തപുരത്ത് ആഗോള കായിക ഉച്ചകോടി നടത്തിയതും സംസ്ഥാനത്തിന്റെ ശോഭനമായ കായിക ഭാവിക്ക് ഒരു മുതൽക്കൂട്ടായേക്കാം. ഒപ്പം കേരള ബ്രാൻഡായി കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും കാലിക്കറ്റ് ഹീറോസും സഞ്ജു സാംസണും എച്ച് എസ് പ്രണോയിയുമൊക്കെ ദേശീയ കായിക ഭൂപടത്തിൽ വിളങ്ങി നിൽക്കുമ്പോൾ പ്രത്യേകിച്ചും.
ഏതൊരു രാജ്യത്തിന്റെയും സമ്പത്ത് ആരോഗ്യമുള്ള യുവജനതയാണ്. അതിനാവശ്യം കായിക കലാ പ്രവർത്തനങ്ങളും. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാവാത്ത ഒരു തലമുറയെ വാർത്തെടുക്കാനാണ് ഭരണാധികാരികൾ ശ്രദ്ധിക്കേണ്ടത്. അതിനവർക്ക് മൈതാനങ്ങൾ വേണം. കളിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങൾ ആത്മാർത്ഥമായി ഒരുക്കിക്കൊടുക്കുന്ന ഒരു കാലം വന്നാൽ ഒളിമ്പിക്സുകളിലെ വിക്ടറി സ്റ്റാന്റുകളിൽ ത്രിവർണപതാകയേന്തി നമ്മുടെ കുട്ടികൾ അനേകം ഉണ്ടാവും.. തീർച്ച...
⊶⊷⊶⊷❍❍⊶⊷⊶⊷
𝚌𝚘-𝚘𝚛𝚍𝚒𝚗𝚊𝚝𝚘𝚛 :
𝚃𝙷𝙰𝙽𝙺𝙰𝙼𝙼𝙰 𝙺𝙰𝙿𝙸𝙻𝙽𝙰𝚃𝙷
94962 63144
𝚂𝚄𝚁𝙴𝚂𝙷 𝙴𝚁𝚄𝙼𝙴𝙻𝚈
86065 44750
𝚠𝚠𝚠.𝚟𝚊𝚛𝚊𝚖𝚘𝚣𝚑𝚒.𝚒𝚗
No comments: