ഉപ്പയുടെ പിറന്നാൾ (കവിത)
രചന : ഷബ്‌ന അബൂബക്കർ
അടയാളപ്പെടുത്തലുകളില്ലാതെ
കാലം പോലും മറന്നുപോയ
ഏതോ ഒരു ദിനത്തിലായിരുന്നു
എന്റെ 'ഉപ്പ'യുടെ ജനനം.
അല്ല, അങ്ങനെയല്ല...
തനിക്കൊരു കുഞ്ഞു പിറന്നെന്ന്
എന്റെ പിറന്നാളിനെ അത്രമേൽ അനുഭൂതിയോടെ, മായാതെ
ആ ഹൃദയത്തിൽ
അടയാളപ്പെടുത്തിയത് എന്നാണോ
അന്നായിരുന്നെന്റെ 'ഉപ്പ'യുടെ ജനനം.
എന്നാൽ റൂഹിയോട് ചേർന്നാറൂഹ്
ലോകം കണ്ടു തുടങ്ങിയ നാൾ
എന്നാണെന്ന് ആരും ഇതുവരെ
ചോദിച്ചിട്ടില്ല.
അവരാവട്ടെ പറഞ്ഞതുമില്ല.
ഓർത്തുവെക്കാനും, ഓമനിച്ച്
ആഘോഷമാക്കാനും ആരുമില്ലാത്തതിനാൽ അവരുടെ
ഓർമ്മകളിൽ പൊടിതട്ടിയെടുക്കാൻ
പാകത്തിൽ പോലും അങ്ങനെ ഒരുദിനം
ഇല്ലാതായിരിക്കുന്നു...
ഓർത്തെടുക്കാൻ പോലും
മറന്നതിനാൽ ചിതലെടുത്തുപോയ അങ്ങനെയേതോ ഒരുദിനമാണെന്റെ ഉപ്പ ലേബലുകളേതുമില്ലാതെ പിറവി കൊണ്ടത്.
പലഹാരങ്ങളും കേക്കുകളും സ്നേഹവും
ആഘോഷങ്ങളുമൊക്കെയായി
എന്റെ പിറന്നാൾ നിറങ്ങൾ കൊണ്ട്
സുന്ദരമാക്കുന്ന ആ മനുഷ്യന്റെ പിറന്നാൾ
കലണ്ടറുകളിലെന്നല്ല,
ഒരാളുടെയും മനസ്സിൽ പോലും
അടയാളപ്പെടുത്തുകയുണ്ടായില്ല.
അവരുരുകിയ വെയിൽക്കാലങ്ങളിൽ
തിളച്ചു വെന്ത അന്നത്തിന്റെ സ്വാദിൽ
നാം വിശപ്പറിയാതെ ഉറങ്ങിയുണർന്നു...
അവർ പെയ്തു തീർന്ന മഴക്കാലങ്ങളിൽ
പച്ചപ്പിടിച്ച ഒരുക്കൂട്ടം സ്വപ്നങ്ങളുമായി
നമ്മൾ ആനന്ദ നൃത്തം കൊണ്ടു.
മരവിച്ചും വിറച്ചും അവരെണ്ണി തീർത്ത
ആയുസ്സിൽ നമ്മുടെ ദിനങ്ങൾ
അല്ലലറിയാതെ തെന്നി മാറി...
പിടഞ്ഞോടിയൊടുവിൽ പിടപ്പുതീർത്ത്
കിടക്കുന്ന അവസാന ദിനത്തെ
ഓർമ്മദിനമെന്ന്
അടയാളപ്പെടുത്തുമ്പോഴും തുടിച്ചു
തുടങ്ങിയ അവരുടെ ആദ്യദിനം
ആരുമാരുമറിയാതെ
ആരാലും ഓർക്കപ്പെടാതെയങ്ങനെ മറഞ്ഞു തന്നെ കിടന്നു.
രചന : ഷബ്‌ന അബൂബക്കർ
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
No comments: