ബറാത്തും ബാലനെന്ന ബിലാലും
(അനുഭവ കഥ)
രചന : പാറമ്മൽ മൊയ്തു
പഴയകാലത്ത് മുസ്ലീം കുടുംബങ്ങളിൽ ബറാത്ത്, തലനോമ്പ് ,പെരുന്നാൾ തുടങ്ങിയ ആഘോഷ ദിവസങ്ങളിൽ പെങ്ങന്മാരുടെയും മരുമക്കളുടേയും ഭർത്താക്കന്മാരുടെ (പുയ്യാപ്പിളാരുടെ ) വീടുകളിൽ അളിയന്മാരോ തത്തുല്യമായ ആളുകളോ വിളിക്കാൻ പോകുന്ന സമ്പ്രാദായങ്ങളുണ്ടായിരുന്നു.........
കല്യാണം കഴിഞ്ഞ ഉടനെയാണെങ്കിൽ അതു കർക്കശവുമായിരുന്നു.....
പോയില്ലെങ്കിൽ വഴക്കാവാനും ബന്ധം വഷളാവാനും അതുമതി കാരണം ...
ബസ്സോ വാഹന സൌകര്യമോ ഇല്ലാത്തകാലം കടവത്തൂരിലുള്ള എന്റെ മരുമകളുടെ വീട്ടിൽ ബറാത്ത് പറയാൻ എനിക്കാണ് വിധി വന്നത്...
പോവുമ്പോൾ ദൂരം കൂടുതലുള്ളതുകൊണ്ടും അപരിചിത സ്ഥലമായതുകൊണ്ടും ഞാൻ സുഹൃത്ത് ബാലനേയും കൂടെക്കൂട്ടി.....
പേരു ചോദിച്ചാൽ ബിലാലെന്നു പറഞ്ഞാമതിയെന്നും പറഞ്ഞു ,
കടവത്തൂരെത്തുമ്പോഴേക്കും അവനെന്നേക്കാൾ തടികൂടുതലുള്ളതുകൊണ്ടും ഇത്രയും ദൂരം നടന്നു ശീലമില്ലാത്തതുകൊണ്ടും കാലിന്റെ തുടയുരഞ്ഞുപൊട്ടി കാലുകൾ വിടർത്തിവെച്ചായിരുന്നു നടന്നിരുന്നത്.......
ഏതായാലും അവിടെയെത്തി........
കട്ടിനീലം മുക്കിയ ചുണ്ണാമ്പുതേച്ച , ഞാലിപ്പുറം പുല്ലുമേഞ്ഞ പഴയൊരു മാടപ്പുര......
അവിടുത്തെ പ്രായമായ ഉപ്പാപ്പ ബഡാപ്പുറത്തിരുന്നു ചിമ്മിനി വിളക്കിന്റെ കുപ്പിതുടച്ചു കൊണ്ടിരിക്കുന്നതിനിടയിൽ..
"നിങ്ങളേടുന്നാ മക്കളെ ബെരുന്ന്വ വന്നകാലില് നിക്കണ്ട ബെഞ്ചിലിരുന്നോളീൻ "
"ഞാള് മേനപ്രത്ത്ന്നാ ബറാത്ത് പറയാൻവന്നതാ"
ഞാൻ പറഞ്ഞു"
"അല്ലമക്കളേ ബറാത്ത് ഞമ്മക്കറിഞ്ഞൂടെ !
മീശ മുളക്കാത്ത ഇങ്ങളുപറേണോ "
ഉപ്പാപ്പ കളിയാക്കി നൊണ്ണുകാട്ടിച്ചിരിച്ചു.......
അപ്പോഴേക്കും മരുമോളും അവിടെത്തെ
പെണ്ണുങ്ങളും പടിവാതിക്കൽ വന്നെത്തിനോക്കി കുശലം തുടങ്ങി ...
" മക്കൾ നടന്നു കൊയഞ്ഞോ "
അവിടത്തെ ഉമ്മ ചോദിച്ചു , ഇവനേതാ "
"ഇവനെന്റെ
ചങ്ങായി ബാ...അല്ല ബിലാൽ "...
ഞാൻ പറഞ്ഞു...........
" ബിലാല് നല്ല പേരാ മക്കത്തെ മക്കത്തെ പള്ളീന്ന് ആദ്യം ബാങ്ക് കൊടുത്താളാ , എനീങ്ങള് ബലാലെന്നൊന്നും വിളിച്ചൂടല്ലേ അതിബ്ലീസിന്റെ പേരായിപ്പോകും .........
" ഉമ്മ തമാശയാക്കിയത് കേട്ട് ബാലൻ പെരളിയത്തിലായി എന്നെ തുറിച്ചു നോക്കുകയായിരുന്നു,.......
കുറച്ചു കഴിഞ്ഞ് അകത്തുനിന്നും രണ്ടു തണ്ണിപ്പിഞ്ഞാണത്തിൽ
ബറാത്തിന്റെ കായിപ്പിടിക്കറി ( പായസം) കൊണ്ടത്തന്നു.......
അവർ " മക്കളെ നല്ലോണം ആറ്റിയതാ വേഗം കുടിച്ചോളീൻ "
അടുത്തുനിൽക്കുന്ന കുട്ടികളെ നോക്കി കള്ളച്ചിരിയാലെ കണ്ണിറുക്കി..
ബാലനതു വാങ്ങി വലിച്ചു കുടിച്ചതും "എന്റമ്മോ" ന്നു നിലവിളിച്ചുപോയി...
നാവു കരിയുന്ന നല്ല ചൂടായിരുന്നു........
അകത്തുനിന്നും കുട്ടികളപ്പോൾ " പറ്റിച്ചി അളിയൻ പൊളിയൻ പാന്തംപൊളിയൻ " എന്നും പറഞ്ഞു കുട്ടികൾ കൂക്കി....
അപ്പോൾ ഉപ്പാപ്പ....
" അല്ല ബലാലെ അയിന്റിടേ മോനെന്താ
"ന്റെമ്മോ"ന്നു പറഞ്ഞ്വെ മുൻ ജെമ്മത്തില് ഇഞ്ഞിയൊരു നായരുകുട്ട്യേനൂം "
ബാലനും ഞാനും കുറ്റവാളികളെപ്പോലെ തലതാഴ്ത്തി നില്കുന്നത് കണ്ടു ആ ഉപ്പാപ്പ...
"സാരയില്ല ബാലനായാലും ബിലാലായാലും കളവുപറയാണ്ടിരുന്നാ മതി നമ്മളെല്ലാം അള്ളാന്റെ പടപ്പുങ്ങളല്ലെമക്കളെ !............
നാവുപൊള്ളിപ്പോയല്ലേ ആ പൊട്ടിത്തെറിച്ച കുട്ട്യേളെ പണിയാ...."
പിന്നീട് ഉപ്പാപ്പ ബദർ മാല പാടി ഞങ്ങളെ രസിപ്പിക്കുകയായിരുന്നു.....
ബഡാപ്പുറം = വരാന്തയിലെ വലിയപത്തായം
പെരള്യം = ഭയം
പിഞ്ഞാണം = കോപ്പ
ബലാൽ = പിശാച്
രചന : പാറമ്മൽ മൊയ്തു
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
No comments: