രക്തരൂക്ഷിതമാകുന്ന സിനിമകൾ
(ലേഖനം)
റ്റോജോമോൻ ജോസഫ്
മരിയാപുരം
" സമൂഹം ഏത് രീതിയിൽ സഞ്ചരിക്കുന്നു എന്നുള്ളത് നമുക്ക് നമ്മുടെ സാഹിത്യത്തിൽ നിന്നും വായിച്ചെടുക്കാൻ കഴിയും. 2024 ൽ ഏകദേശം നൂറോളം മലയാളസിനിമകൾ കണ്ട വ്യക്തിയാണ് ഞാൻ. ഈ സിനിമകളിലെ സിംഹഭാഗത്തിൻ്റെ പ്രമേയവും ഹിംസയാണ്, ചോരക്കളിയാണ്, പ്രതികാരമാണ്, വയലൻസാണ്. നമ്മുടെ സമൂഹത്തിലും ഇതിൻ്റെ പ്രതിഫലനമുണ്ടാകുന്നു. ഓരോ ദിവസവും നമ്മുടെ ചാനലുകളിൽ ഒമ്പതുമണികഴിഞ്ഞാൽ ക്രൈം ഫയൽ, FIR, കുറ്റപത്രം തുടങ്ങി ഒരുപാട് പരിപാടികളാണ്. എല്ലാ ദിവസവും അവർക്ക് വിഷയങ്ങൾ ലഭളിക്കുന്നുമുണ്ട്. അത്രയേറെ ഹിംസാത്മകമായ ലോകത്താണ് നാമിന്ന് ജീവിക്കുന്നത്".
വളരെ ആഴത്തിൽ ചിന്തിക്കേണ്ട യാഥാർത്ഥ്യമാണ് അദ്ദേഹം പറഞ്ഞുവച്ചത്. സാഹിത്യങ്ങളും സിനിമകളുമെല്ലാം മനുഷ്യർക്ക് ആനന്ദത്തിനും വിനോദത്തിനുമുള്ള ഉപാധികളാണ്. ജോലിത്തിരക്കുകളുടേയും പഠനത്തിൻ്റേയുമൊക്കെ പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനുള്ള വഴികളായിരുന്നു എന്നും സിനിമകൾ. കുട്ടികളും യുവാക്കളും കുടുംബവുമെല്ലാം ഒരുമിച്ചിരുന്ന് കണ്ടാഘോഷിച്ചിരുന്നു പല സിനിമകളും. കുടുംബചിത്രങ്ങളും റൊമാൻസും നർമ്മവുമൊക്കെ നിറഞ്ഞു നിന്നിരുന്നു സിനിമകളിൽ. ചേതോഹരമായ ഗാനങ്ങളും അവയുടെ ഭാഗമായിരുന്നു. എന്നാൽ ഇവയൊക്കെ എങ്ങോ പോയിമറഞ്ഞിരിക്കുന്നു ഇന്ന്. പരിണയക്കഥകളും യാത്രകളും സല്ലാപങ്ങളും നർമ്മങ്ങളും കുടുംബപശ്ചാത്തലങ്ങളും കയ്യടക്കിയിരുന്ന മലയാളചിത്രങ്ങളിന്ന് വയലൻസിനും ക്രൈമിനും പ്രതികാരത്തിനുമൊക്കെയായി വഴി മാറിയിരിക്കുന്നു. കാലഘട്ടവും അതിലേക്കു ചായുന്നു എന്നതുതന്നെയാണ് ഇത്തരം സിനിമകൾ വിജയിക്കാനും വീണ്ടും നിർമ്മിക്കപ്പെടാനും ഇടയാക്കുന്നത്. സമീപകാലത്തിറങ്ങിയ കള, ആർ ഡി എക്സ്, ജയിലർ, ആനിമൽ, കിൽ, പണി, മുറ, റൈഫിൾ ക്ലബ്, മാർക്കോ ഇവയൊക്കെ വയലൻസ് അമിതമായി പ്രേക്ഷകരിലേയ്ക്കെത്തിച്ച ചിത്രങ്ങളാണ്. വയലൻസിനെ മഹത്വവത്ക്കരിക്കാനും വലിയകാര്യമായി ചിത്രീകരിക്കാനും അണിയറപ്രവർത്തകർ തയ്യാറാക്കുകയും അതിനു വലിയ സ്വീകാര്യത സമൂഹത്തിൽ ലഭിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും യുവാക്കളിൽ നിന്നും. ഇതു സിനിമയല്ലേ, ആവിഷ്ക്കാരസ്വാതന്ത്ര്യം നമ്മുടെ ഭരണഘടന നൽകുന്ന അവകാശമല്ലേ എന്നൊക്കെ നമുക്ക് വാദിക്കാം. എല്ലാം ശരിതന്നെ. ഒരു കാര്യം മാത്രം പറയുവാൻ ആഗ്രഹിക്കുന്നു. പുസ്തകങ്ങളേക്കാളും, ശ്രവ്യമാധ്യമങ്ങളേക്കാളും സ്വാധീനശക്തി ദൃശ്യാവിഷ്ക്കാരങ്ങൾക്കാണുള്ളത്. കുട്ടികളും യുവതയും സമൂഹവുമെല്ലാം കാണുന്ന കാഴ്ചകളെ, വായിക്കുന്നതിനേക്കാളും, കേൾക്കുന്നതിനേക്കാളും കൂടുതൽ ശക്തിയോടെ ഉൾക്കൊള്ളുകയും അനുകരിക്കുകയും ചെയ്യും എന്നത് സത്യമാണ്. കൊതുക് വ്യാപകമാകുമ്പോൾ നമുക്കു കൊതുകു പരത്തുന്ന രോഗങ്ങളുണ്ടാകും. അപ്പോൾ, സത്യത്തിൽ കൊല്ലേണ്ടത് കൊതുകിനെയല്ല, മറിച്ച് കൊതുകിനെ ജനിപ്പിക്കുന്ന പരിസരമാണ് ഇല്ലാതാക്കേണ്ടതും നിയന്ത്രിക്കേണ്ടതും. അതുപോലെതന്നെയാണ് വയലൻസും.
ഇന്ന് സമൂഹത്തിൽ വർദ്ധിച്ചു വരുന്ന അക്രമണങ്ങൾക്കും കൊലകൾക്കും വഴിയൊരുക്കാൻ ഇത്തരം സിനിമകളുടേയും ക്രൈം സീരീസുകളുടേയും സ്വാധീനം കാരണമാകുന്നു എന്നത് വാസ്തവമാണ്. ഇത്തരം സിനിമകളുടെ അനിപ്രസരം വിദ്വേഷത്തിലേക്കും ക്രൂരതകളിലേക്കും സമൂഹത്തെ വഴിതെറ്റിച്ചു വിടുന്നു എന്നത് നമ്മുടെ കൊച്ചുകേരളത്തിൽ അരങ്ങേറിയ കഴിഞ്ഞകാലസംഭവങ്ങൾ തെളിയിക്കുന്നു. ഒരു കലാസൃഷ്ടി സമൂഹത്തെ ഏതു ദിശയിൽ നയിക്കുന്നു, അവ എങ്ങനെ ജനങ്ങളിൽ സ്വാധീനമുണ്ടാക്കുന്നു എന്നത് വിലയിരുത്തപ്പെടേണ്ടതാണ്. വിനോദത്തിനായി നിർമ്മിക്കപ്പെടുന്ന പലതും ക്രൂരതകളേയും തെറ്റുകളേയും നിസ്സാരവത്ക്കരിക്കുന്നുണ്ടെങ്കിൽ അത് ആഴമായി പഠിക്കേണ്ടതാണ്. സമൂഹനന്മക്കുതകുന്ന തരത്തിൽ മാറ്റപ്പെടേണ്ടതുമാണ്. അല്ലാത്തപക്ഷം രസത്തിനും സന്തോഷത്തിനുമായി കാണുന്നവ മനുഷ്യജീവൻ ഹനിക്കുന്ന തരത്തിൽ ക്രൂരതയുടെ വാളുകളായി പരണമിക്കും എന്നു നാം മനസ്സിലാക്കേണ്ടതാണ്. ഇതിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ട്. സിനിമയുടെ അണിയറപ്രവർത്തകർക്കും കലാകാരൻമാർക്കും എഴുത്തുകാർക്കും ഒപ്പം പ്രേക്ഷകർക്കും ഒരുപോലെ ഇതിൽ ഉത്തരവാദിത്തമുണ്ട്. ദൃശ്യമാധ്യമങ്ങൾക്ക് കുട്ടികളുടേയും യുവാക്കളുടേയും സ്വഭാവരൂപീകരണത്തിലും പ്രവർത്തികളിലും വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. അതു നാം സമൂഹത്തിൽ നടമാടുന്ന സംഭവവികാസങ്ങളിൽ നിന്നും കാണുന്നതുമാണ്. നിയന്ത്രണങ്ങൾ അനിവാര്യമാണ്. കഥാഗതിക്ക് ആവശ്യമായ വയലൻസ് മാത്രമേ അനുവദിക്കാൻ പാടുള്ളു. വയലൻസിൻ്റെ അതിപ്രസരം തുടർച്ചയായി സിനിമകളിൽ ഉണ്ടാകുന്നത് സമൂഹത്തിൻ്റെ വളർച്ചയ്ക്ക് ഉപകരിക്കില്ല എന്നത് തീർച്ചയാണ്. യുവാക്കളിലും കുട്ടികളിലും അക്രമവാസന കൂടാൻ ഇത്തരം ഘടകങ്ങൾ വളംവയ്ക്കുന്നു എന്നതും നഗ്നസത്യമാണ്. എന്തിനും ഏതിനും അഭിപ്രായം പറയുന്ന നമ്മുടെ സാംസ്കാരികനായകൻമാർ ഇത്തരം വിഷയങ്ങളിൽ മൗനം ഭജിക്കുന്നത് സമൂഹത്തെ അസ്വസ്ഥമാക്കുന്നു.
മനുഷ്യർക്കുള്ളിലെ മരണസഹജാവബോധത്തെ ഉണർത്തുന്നതാണ് ഇത്തരം വയലൻസ് നിറഞ്ഞ ചിത്രങ്ങളെന്ന് കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലീനിക്കൽ സൈക്കോളജിസ്റ്റായ ഡോ. പി. ടി. സന്ദീഷ് പറയുന്നു. മനുഷ്യൻ്റെയുള്ളിൽ ഉറങ്ങിക്കിടകുന്ന അക്രമവാസനകളെ ഉണർത്തുവാൻ ചാലകമാകുന്ന ശക്തികളായി ഇന്നത്തെ സിനിമകൾ മാറുന്നു എന്ന് സങ്കടത്തോടെ പറയട്ടെ. ഗയിമുകൾ, എക്സ്ട്രീം ക്രൈം സീരീസുകൾ, വയലൻസ് സിനിമകൾ ഇവയെല്ലാം കുട്ടികളേയും യുവജനതയേയും പരോക്ഷമായി സ്വാധീനിക്കുന്നു. കേൾക്കുന്നതിലുപരി കാണുന്നവയെ അനുകരിക്കുന്ന പ്രവണത കുട്ടികളിലും കൗമാരക്കാരിലും കൂടുതലായുണ്ട്. ലഹരിവസ്തുക്കളോ മദ്യമോ ഉപയോഗിക്കുന്നതിന് സമാനമാണിത്. ആദ്യം ഒരു പെഗ്ഗിൽ തുടങ്ങി, തീവ്രത കൂട്ടാതെ കിക്ക് കിട്ടില്ല എന്ന അവസ്ഥ ജനിക്കുന്നു. ഇതുപോലെയാണ് ക്രൈമും. ആളുകളുടെ ചിന്തകളേയും കാഴ്ചപ്പാടുകളേയും ഇവ സ്വാധീനിക്കുന്നു. കൊലയല്ല, അറുംകൊല കാണുന്നതാണ് സന്തോഷം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുന്നു. അത്തരം ക്രൂരകൃത്യങ്ങൾ കാണുമ്പോൾ അവരിൽ ഡോപമിൻ എന്ന ഹോർമോണിൻ്റെ ഉത്പാദനം കൂടുന്നു. വയലൻസിൽ സന്തോഷം കണ്ടെത്താൻ തുടങ്ങിയാൽ എന്തിനേയും ക്രൂരമായി സമീപിക്കാനുള്ള പ്രവണതയുണ്ടാകും. ഇത് സമൂഹത്തിന് അപകടമാണ്. അതുകൊണ്ട് ഇത്തരം സിനിമകൾക്ക് കടിഞ്ഞാൻ നിർബന്ധമാണ്. സിനിമാപ്രവർത്തകർ സാമൂഹികപ്രതിബന്ധതയുള്ളവരായി ചിന്തിച്ചു പ്രവർത്തിക്കണം.
മകളുമൊത്ത് പുഴയിൽ കുളിക്കാൻപോയ പിതാവ് അവിടിരുന്ന മദ്യപിക്കുന്ന പയ്യൻമാരെ ചോദ്യം ചെയ്തതിന് വീടുകയറിയുള്ള ആക്രമണത്തിന് ഇരയായത് നാം വായിച്ചതാണ്. കാറിൽ സ്വകാര്യബസ് ഉരസിയതിന് ചോദ്യം ചെയ്ത കാറുടമയെ ബസ് ഡ്രൈവർ മർദ്ദിച്ച സംഭവം നാം കണ്ടു. കേരളത്തിലിപ്പോൾ തല്ലുമാല" പരമ്പരയാണ്. ഒന്നു ചോദിച്ച് രണ്ടാമതേ തിന് അടി, കൂട്ടത്തല്ല്, കലിപ്പിന് കാരണങ്ങൾ നിസ്സാരം. ഒറ്റയ്ക്കും കൂട്ടായും ക്വട്ടേഷൻ മർദ്ദനവുമൊക്കെ നിത്യസംഭവങ്ങളായി മാറി. ഈയിടെ ഇറങ്ങുന്ന ന്യൂജൻ ഹിറ്റ് സിനിമകളുടെയെല്ലാം പ്രമേയമായ വയലൻസിനു സമാനമായ സംഭവങ്ങളാണ് ഇപ്പോൾ നാട്ടിൽ നടരുന്നത്. കളിക്കളത്തിലും, കല്യാണച്ചടങ്ങിലും ഉത്സവസ്ഥലങ്ങളിലുമെല്ലാം അടിയോടടി. വയലൻസിനൊപ്പം ലഹരിയുടെ ഉപയോഗവും ആക്രമസംഭവങ്ങൾക്ക് പ്രേരണയാകുന്നു. അതിൻ്റെ ആഴം വർദ്ധിപ്പിക്കുന്നു. കേരളക്കരയായെ ആവേശത്തോടെ വരവേറ്റ ആവേശം സിനിമായിലെ ഒരു ഗാനത്തിൻ്റെ വരികൾ ഇങ്ങനെയാണ്,
"പേനാക്കത്തികൊണ്ട് വിദ്യാരംഭം, കുത്ത് ഹരിശ്രീ"
പേനാക്കത്തികൊണ്ട് വിദ്യാരംഭം കുറിച്ച് കുത്തിമലർത്തി ഹരിശ്രീ എഴുതുവാൻ പറഞ്ഞുവയ്ക്കുന്നു. വളരെ നല്ലത്. തുടർന്ന്,
"കട്ടച്ചോരകൊണ്ട് ജ്യൂസടിച്ച് സോഡാ സർബത്ത്"
കേരളമാകെ നിറഞ്ഞാടിയ ഒരു ചിത്രത്തിലെ ഹിറ്റ് ഗാനത്തിലെ വരികൾ. ആവേശവും അർമ്മാദവും വേണം, വേണ്ട എന്നു പറയുന്നില്ല. എന്നാൽ അധികമായാൽ അമൃതവും വിഷമാണല്ലോ. ആവിഷ്ക്കാരസ്വാതന്ത്ര്യം പറഞ്ഞ് നാം ആഘോഷിക്കുന്ന സിനിമകൾ സമൂഹത്തെ തെറ്റായി നയിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം സിനിമകാണാൻ നാളെ ആളുണ്ടാകില്ല. ആനന്ദത്തിനും സന്തോഷത്തിനുമായി നാം കാണുന്ന സിനിമകൾ ജീവനെടുക്കുന്ന ഉപകരണങ്ങളാകാതിരിക്കട്ടെ. അതിന് അണിയപ്രവർത്തകരും സമൂഹവുമെല്ലാം ഒരുപോലെ ചിന്തിക്കേണ്ടിയിരിക്കുന്നു. കലാകാരൻമാരും സാഹിത്യകാരൻമാരും എഴുത്തുകാരുമൊതെ സമൂഹത്തോടു കൂറുള്ളവരായിരിക്കണം. നാടിൻ്റെ നന്മ പ്രതിഫലിക്കുന്ന സൃഷ്ടികൾ ജനിക്കണം.
സിനിമയുടെ സാമ്പത്തികലാഭം, ബോക്സ് ഓഫീസ് കളക്ഷൻ എന്നിവ മാത്രം നോക്കാതെ നാടിനെ, സമൂഹത്തെ ഇവ എങ്ങനെ സ്വാധീനിക്കുന്നു എന്നു മനസ്സിലാക്കി പ്രവർത്തിക്കുവാൻ അവർക്കു സാധിക്കണം. ഇത്തരം ക്രൂരകൃത്യങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തികൾക്ക് ഇവ ഊർജ്ജമായി മാറും. ഇത് സമൂഹത്തോടു ചെയ്യുന്ന വലിയ ചതിയാണ്. സിനിമകളിൽ വയലൻസുകൾ ആഘോഷിക്കപ്പെടുന്നത് അപടകരമായ പ്രവണതയാണ്. സമൂഹത്തെ നശിപ്പിക്കുന്ന, കാർന്നുതിന്നുന്ന ദൃശ്യാവിഷ്ക്കാരങ്ങൾ കേവല സാമ്പത്തികലാഭത്തിനായി അനിയന്ത്രിതമായി നിർമ്മിക്കപ്പെടുന്നത് മരത്തിനു ചുവട്ടിൽ കോടാലി വയ്ക്കുന്നതിന് സമമാണ്. നിയമപരമായ നിയന്ത്രണങ്ങൾ സമൂഹനന്മയ്ക്കായി സ്വീകരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകേണ്ടത് ഇന്നിൻ്റെ അനിവാര്യതയാണ്. നാടിൻ്റെ നട്ടെല്ലായ, നാളെയുടെ പ്രതീക്ഷയായ യുവതയുടെ സ്വപ്നങ്ങൾ നുള്ളിക്കളയുന്ന ഇത്തരം സിനിമകളും സീരീസുകളും അതിർവരസുകൾ ലംഘിക്കാൻ ഇടയാകരുത്. അതിരുവിട്ട വയലൻസുകളും കൊലകളും ചോരക്കളികളും നമ്മുടെ സിനിമകളെ കടന്നാക്രമിക്കാതെ നർമ്മങ്ങളും പരിണയങ്ങളും കുടുംബചിത്രങ്ങളും നിറഞ്ഞുനിൽക്കട്ടെ നമ്മുടെ സിനിമകളിൽ. സമൂഹത്തിൽ സിനിമകൾക്കുള്ള സ്വാധീനവും അനുകരണശേഷിയും മനസ്സിലാക്കി പ്രവർത്തിക്കുവാൻ എല്ലാവർക്കും കഴിയട്ടെ.
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
No comments: