എടത്വാ മുത്തപ്പസംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മലയാറ്റൂർ കാൽനട തീർത്ഥാടനം 25 ൻ്റെ നിറവിൽ
Labels:
ലേഖനം
എടത്വാ മുത്തപ്പസംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മലയാറ്റൂർ കാൽനട തീർത്ഥാടനം 25 ൻ്റെ നിറവിൽ:
തയ്യാറാക്കിയത് :
റ്റോജോമോൻ ജോസഫ് മരിയാപുരം
(കുട്ടനാട്ടിലെ എടത്വായിൽ നിന്നും സ്നേഹസൗഹാർദ്ദവിശ്വാസപ്രഖ്യാപന കാൽനട തീർത്ഥയാത്ര, യേശുവിൻ്റെ അരുമശിഷ്യൻ്റെ പാദസ്പർശമേറ്റ മലയാറ്റൂരിൻ്റെ പുണ്യമണ്ണിലേക്ക്)
"നമുക്കും അവനോടു കൂടെ പോയി മരിക്കാം" എന്നു പറഞ്ഞ് തൻ്റെ വിശ്വാസം ഏറ്റുചൊല്ലിയ ക്രിസ്തുശിഷ്യൻ്റെ പാദസ്പർശമേറ്റ മണ്ണിലേക്ക് എടത്വായിൽ നിന്നും മുത്തപ്പസംഘം നടത്തുന്ന, സ്നേഹത്തിൻ്റേയും സൗഹാർദ്ദത്തിൻ്റേയും വിശ്വാസത്തിൻ്റേയും കതിരൊളി ചൊരിയുന്ന കാൽനടതീർത്ഥാടനം 24 വർഷങ്ങൾ പൂർത്തീകരിച്ച് 25-ാം വർഷത്തേക്കു കടക്കുന്നു.
മനുഷ്യകുലത്തെ
വീണ്ടെടുക്കുവാൻ മർത്യനായ ദൈവപുത്രൻ്റെ പീഡകളെ സ്മരിച്ചുകൊണ്ട് വിശുദ്ധവാരത്തിൽ നടത്തപ്പെടുന്ന ഈ സഹനയാത്ര ആത്മീയ വിശുദ്ധീകരണത്തിൻ്റേയും ചെറുതാകലിൻ്റേയും പാത നമുക്കു തുറക്കുന്നു. 2000 ൽ 17 പേരുമായി തുടക്കം കുറിച്ച ഈ പദയാത്ര രജതജൂബിലിയുടെ നിറവിലാണ്. ജാതിമതഭേദമന്യേ വിദ്യാർത്ഥികളും യുവാക്കളും മുതിർന്നവരും സമൂഹത്തിൻ്റെ നാനാത്തുറയിലുള്ളവരും ഈ തീർത്ഥയാത്രയുടെ ഭാഗമാകുന്നു എന്നത് സന്തോഷകരവും അഭിമാനകരവുമാണ്. ഓരോ വർഷം കഴിയുന്തോറും എളിമയുടെ സഹനവഴികൾ താണ്ടാൻ എത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ക്രിസ്തുവിൻ്റെ അരുമശിഷ്യൻ തോമാശ്ലീഹായുടെ കാല്പാദം പതിഞ്ഞ മണ്ണിൽ അദ്ദേഹത്തെ കാണുവാനും പ്രാർത്ഥിക്കുവാനും നിയോഗങ്ങൾ സമർപ്പിക്കുവാനുമായി വെയിലും മഴയും ക്ഷീണവും രോഗവുമൊന്നും വകവയ്ക്കാതെ നിലക്കാത്ത "മുത്തപ്പമന്ത്രങ്ങൾ"ഉരുവിട്ട് 140 കിലോമീറ്ററോളം ദൂരം നാലു ദിവസങ്ങളിലായി നടന്നു നീങ്ങുന്നു മുത്തപ്പസംഘം. പിന്നിടുന്ന വീഥികളിലെല്ലാം സ്നേത്തിൻ്റേയും കാരുണ്യത്തിൻ്റേയും കരുതൽ അനുഭവിച്ചാണ് തീർത്ഥാടകർ ചുവടുവയ്ക്കുന്നത്.
ഒരുക്കങ്ങൾ:
സ്വയം വിചിന്തനത്തിനും അത്മീയരൂപാന്തരീകരണത്തിനുമുള്ള സമയമാണ് നോമ്പുകാലം. കേവല ഭക്ഷണനിയന്ത്രണത്തിലുപരി പ്രാർത്ഥനകളിൽ, പരസഹായ പ്രവർത്തികളിൽ മുഴുകുന്ന നിമിഷങ്ങൾ. കാൽനടതീർത്ഥാടനത്തിൽ പങ്കുചേരുന്ന ഓരോ തീർത്ഥാടകരും വ്രതാനുഷ്ഠാനങ്ങൾ കൃത്യമായി പാലിച്ച് ആത്മീയവും ശാരീരികവുമായ ഊർജ്ജം സംഭരിച്ചാണ് യാത്രക്കൊരുക്കുന്നത്. ഒരു നാടു മുഴുവൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരുടെയെല്ലാം യാത്രകൾക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്ത് കരുത്തായി കൂടെനിൽക്കുകയും ചെയ്യുന്നു. മുത്തപ്പസംഘത്തിൻ്റെ ഈ തീർത്ഥാടനം വെറുമൊരു നടത്തമല്ല, മറിച്ച് തിരിഞ്ഞു നടത്തമാണ്. എളിമയിലേക്കും സ്നേഹത്തിലേക്കും ഒരുമയിലേക്കുമുള്ള തിരിഞ്ഞു നടത്തം. നമുക്കുവേണ്ടി പീഡകൾ സഹിച്ച്, പ്രാണൻ ഹോമിച്ച് ശൂന്യനായ യേശുക്രിസ്തുവിനോട് താദാത്മ്യം പ്രാപിക്കുന്ന യാത്ര.
നാലു ദിനരാത്രങ്ങൾ നീളുന്ന ഈ യാത്ര കേവല പദയാത്രയിലുപരി നാം കെട്ടിയുണ്ടാകിയ പലബിംബങ്ങളിൽ നിന്നും നമ്മുടെ മനസ്സിനെ ഉടച്ചു വാർക്കുന്ന തിരിച്ചറിവ് പകരുന്ന, ആത്മീയാനുഭൂതി സമ്മാനിക്കുന്ന നിമിഷങ്ങളാണ്. എത്ര അനുഗ്രഹീതരാണ് നാം എന്ന് നമ്മെ ഉദ്ബോധിപ്പിക്കുന്ന വലിയ യാത്ര. പലതും വെട്ടിപ്പിടിക്കാൻ നാം പരക്കം പായുമ്പോൾ, മറന്നുപോകുന്ന പലതും മനസ്സിൻ്റെ വഴിത്താരകളിൽ തെളിഞ്ഞുവരുന്നു ഈ യാത്രയിൽ. ഇന്നു നാം അനുഭവിക്കുന്ന സുഖസൗകര്യങ്ങളും നമ്മുടെ ആരോഗ്യവുമൊക്കെ നമുക്ക് ലഭിച്ച ദൈവാനുഗ്രഹങ്ങളാണെന്ന ബോധ്യത്തിലേക്കു നമ്മെ നയിക്കുന്ന കൃതജ്ഞതാബലിയായി മാറുന്ന പുണ്യയാത്ര. മനസ്സിനെ പരിവർത്തനത്തിൻ്റെ പാതയിലേക്കാനയിക്കുന്ന ചാലകശക്തിയായി മാറുന്ന മനോഹരയാത്ര.
25-ാം വർഷത്തിൽ മുത്തപ്പസംഘം പങ്കുവയ്ക്കുന്ന സന്ദേശങ്ങൾ:
ആത്മീയതയ്ക്കും ഒരുമയ്ക്കുമുപരി 25 വർഷം പൂർത്തീകരിക്കാൻ പോകുന്ന ഇത്തരുണത്തിൽ മറ്റു ചില സുപ്രധാന സന്ദേശങ്ങളും സമൂഹത്തിനായി തീർത്ഥാടകർ പങ്കുവയ്ക്കുന്നു.
1. നാടിൻ്റെ നട്ടെല്ലായ യുവജനങ്ങളെ കാർന്നുതിന്നുന്ന വിപത്തായ മയക്കുമരുന്നുകളെ സമൂഹത്തിൽ നിന്നും പൂർണ്ണമായും തുടച്ചുനീക്കുവാൻ നമുക്കോരോരുത്തർക്കും സാമൂഹികപ്രതിബദ്ധതയോടെ കൈകോർക്കാം എന്ന സന്ദേശമാണ് ഏറ്റവും പ്രധാനം.
2. അനാരോഗ്യ ഭക്ഷണശീലങ്ങൾ ഒഴിവാക്കി, ആരോഗ്യകരമായ ജീവിതശൈലി മെനഞ്ഞെടുക്കാം എന്ന സന്ദേശം പങ്കുവയ്ക്കുന്നു.
3. ഊർജ്ജസ്വലതയും കായികക്ഷമതയുമുള്ള യുവജനത്തെ വാർത്തെടുക്കുക എന്നത് മറ്റൊരു ലക്ഷ്യമാണ്.
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന തിന്മകളുടേയും കുറ്റകൃത്യങ്ങളുടേയും മരുവിൽ സ്നേഹത്തിൻ്റേയും പങ്കുവയ്ക്കലിൻ്റേയും ഒരുമയുടേയും മാനവീയതയുടേയും മഞ്ഞുതുള്ളികൾ വീഴട്ടെ എന്ന പ്രാർത്ഥനയോടെയാണ് മുത്തപ്പസംഘം ഇരുപത്തഞ്ചാമത് കാൽനടതീർത്ഥാടനത്തിനായി ഒരുങ്ങുന്നത്. "സ്നേഹത്തിലൂടെ ഒന്നാകാം" എന്ന വലിയ സന്ദേശം മുത്തപ്പസംഘം സമൂഹത്തിനായി നൽകുന്നു.
ഏറെ പ്രാധാന്യമുള്ള ഇത്തവണത്തെ മുത്തപ്പസംഘത്തിൻ്റെ മലയാറ്റൂർ തീർത്ഥാടനം 2025 ഏപ്രിൽ 14-ാം തിയതി തിങ്കളാഴ്ച എടത്വാ സെൻ്റ്. ജോർജ് ഫൊറോനാ പള്ളിയിൽ രാവിലെ 6:00 മണിയുടെ വി. കുർബാനക്കുശേഷം പള്ളി വികാരി ബഹുമാനപ്പെട്ട ഫിലിപ്പ് വൈക്കത്തുകാരനച്ചൻ്റെ പ്രാർത്ഥനാശീർവാദങ്ങളോടെ ആരംഭിക്കുന്നതും ഏപ്രിൽ 17 -ാം തിയതി പെസഹാ വ്യാഴാഴ്ച രാവിലെ മലയാറ്റൂർ കുരിശുമല കയറി തോമാശ്ലീഹായുടെ തിരുനടയിൽ പ്രാർത്ഥിക്കുന്നതോടെ സമാപിക്കുന്നതുമാണ്.
സ്നേഹപൂർവ്വം മുത്തപ്പസംഘത്തിനു വേണ്ടി,
തോമസ് വർക്കി ആലപ്പാട്
വിനിൽ തോമസ് വേഴക്കാട്
തയ്യാറാക്കിയത് :
റ്റോജോമോൻ ജോസഫ് മരിയാപുരം
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
No comments: