സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

മഞ്ഞപ്പാവാട (ചെറുകഥ)രചന : ആഷി കല്ലായി




മഞ്ഞപ്പാവാട 
  (ചെറുകഥ)
രചന : ആഷി കല്ലായി 

ഉടലാകെ മുറിഞ്ഞിരിക്കുന്നു.
രക്തം പൊടിയുന്നുമുണ്ട്.
ഒരു നിമിഷം അവൾ ശരീരത്തിലേക്ക് നോക്കി... 
പതിയെ അഴിച്ചിട്ട മുടിയുടെ മൂന്നോ നാലോ മുടിയിഴകൾ തന്റെ കാലിന്റെ ഓരംപറ്റി കിടക്കുന്നതു  ഇടം കൈകൊണ്ട് തട്ടിനീക്കി... 

അടക്കിപ്പിടിച്ച ശ്വാസം മേൽപ്പോട്ടുയർത്തി,  ഒന്ന് താഴ്ത്തി വിട്ടു..... 

ആകെ ഇരുട്ട് മൂടിയ  മുറിയാണിത്.
കണ്ടാൽ തെന്നെ പേടിയാകും.

മുറിയിൽ തളംകെട്ടി നിൽക്കുന്ന വിയർപ്പിന്റെ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറുന്നുണ്ട്.... 

പലവട്ടം ഞാൻ വിയർത്തിട്ടുണ്ട്. പക്ഷെ ഇന്നലെവരെ എനിക്ക് കിട്ടിയ മണമല്ലാ ഇന്നെന്റെ വിയർപ്പിന്.

ഇരുകാലുകളും മെല്ലെ നിവർത്തിയവൾ.. 
കാലിൽ നഖംകൊണ്ട് മുറിഞ്ഞ പാടുകൾക്ക്
നല്ല വേദനയുണ്ട്. 

ഒരു നീറ്റൽ ശരീരത്തിലേക്ക് പടർന്നുകയറുന്നതായി  അറിയുന്നുണ്ട് .

മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ ശബ്ദം അവളുടെ കാതുകളിലേക്ക് തുളച്ചുകയറി. കണ്ടാലറിയാം പഴയതാണന്ന്.. 

'അവളോന്ന് നെടുവീർപ്പിട്ടു..'

വലതുകൈകൊണ്ട്  ചുണ്ടിൽ പൊടിഞ്ഞ രക്തം അവൾ തുടച്ചു. ഇപ്പോഴും താഴെ ചുണ്ടിൽ പൊടിയുന്നരക്തം  നാവ് കൊണ്ടൊന്നു  നുണഞ്ഞെടുത്തു. 

ശരിക്കുമെരു മരവിച്ചതായ അവസ്ഥ.  ശരീരത്തിനെയും മനസ്സിനെയും ബാധിച്ചിരിക്കുന്നു  !

ശരീരത്തിൽ പറ്റിപിടിച്ച രോമങ്ങൾ  പറയുന്നുണ്ട് എന്റെ  പ്രണയത്തിനു മങ്ങലേറ്റിരിക്കുന്നുവെന്ന്....

ശരീരത്തിന്റെ ഭാരം കൂടിയതാണോ കുറഞ്ഞതണോ എന്ന് അവൾക്കറിയില്ല

ഇന്നവളുടെ കന്യകത്വം നഷ്ടപ്പെട്ടിരിക്കുന്നു എന്ന്, അവൾ  മനസ്സിലാക്കി
കഴിഞ്ഞു. 

വലതുകൈ അവളോന്ന് നിവർത്തി..
ഒന്നു കുടയുകയും ചെയ്തു.

വീണ്ടുമവൾ ശരീരത്തിലേക്ക് ഒന്ന് നോക്കി 

ഒരു സ്ത്രീയെന്നനിലയിൽ എനിക്ക് ഏറ്റവും വിലപ്പെട്ടത് എന്താണ്...? 

എന്റെ കന്യകത്വം മാണോ.. ! 

അതെ എനിക്ക് മാത്രമല്ല എന്നെ പോലെയുള്ളവർക്കും അത് തന്നെയാണ്    പവിത്രതയോടെ കൊടുക്കാനുള്ളത്...

സുന്ദരമായ സ്വപ്നങ്ങൾ എത്രവട്ടം കൊഴിഞ്ഞാലും വേരില്‍നിന്ന് മുളപൊട്ടുന്ന അതിജീവനത്തിന്റെ മഹാ മന്ത്രമായാണ്  ഓരോ മനസ്സിലും പ്രണയം പുനര്‍ജ്ജനിക്കുന്നത്. 

അവിടെ നമ്മുടെ സങ്കൽപങ്ങളും   സന്തോഷങ്ങളും  നിറഞ്ഞതാവണം.

പക്ഷേ, എന്റെ  സ്വപ്നങ്ങളുടെ ചിറകുകൾക്ക്  മങ്ങലേറ്റിരിക്കുന്നു..

ഇന്നലെ അഴിച്ചു വെച്ച മഞ്ഞപ്പാവാട തന്റെ ഇടതുവശത്ത് തൂങ്ങിക്കിടന്നുകൊണ്ട് കൊഞ്ഞനം കുത്തുന്നതായി അവൾക്ക് തോന്നി.

അല്ല ശരിക്കും 
കൊഞ്ഞനം കുത്തുക തന്നെയാണ്. 

കണ്മഷി കൊണ്ട് കലങ്ങിയ കണ്ണുകൾ തന്റെ മഞ്ഞപ്പാവാടയിൽ ഉടഞ്ഞങ്ങനെ നിന്നു.  കണ്ണിലെ കണ്ണീർ തുള്ളികൾ ഉരുകി ഉരുകി കവിളിൽ സ്വയം ലയിച്ചുചേർന്നു.

ഇന്നലെകളിലെ സ്വപ്നങ്ങളും ഇന്നിന്റെ പ്രതീക്ഷയും കടിഞ്ഞാൺ പൊട്ടിയ പട്ടത്തെ പോലെ ദിക്കറിയാതെ മനസ്സിൽ അങ്ങോട്ടുമിങ്ങോട്ടും ആടിയാടി ഇന്നലെയുടെ രാത്രികളിൽ നിലം പതിച്ചിരിക്കുന്നു.

അതെന്റെ മഞ്ഞപ്പാവാട എന്നെ നോക്കി  കൊഞ്ഞനം കുത്തുക തന്നെയാണ്....!

എന്റെ സ്വപ്നങ്ങളുടെ നിറങ്ങളിൽ പുതിയ നിറങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. 

എന്റെ ഉടലിലെ  പാടുകൾ എനിക്ക് വ്യക്തമാക്കി തരുന്നുമുണ്ട്.

എന്റെ കണ്ണുകൾ ഇന്നുമുതൽ ചലിക്കുന്നത് എനിക്കുവേണ്ടിയല്ലത്രേ..!

എത്ര പെട്ടെന്നാണ് മനുഷ്യരുടെ സ്വഭാവം മാറുന്നത്.

ഇന്നലെകളിൽ കണ്ടവരല്ല ഇന്ന്. 
ഇന്നലെകളിലെ മധുരമൂറും സ്വപ്നങ്ങളാൽ ഉയർന്നു വന്ന ശബ്ദം, 

ഇന്ന് 
അകമ്പടിയോടെ ആനയിച്ചു കൊള്ളുകയും  അനുഗമിക്കുകയുംമാണ് പതിവ്.. !

വിധിയെ പറഞ്ഞു തള്ളിക്കളയാനാവില്ല, 
എന്നിലൊളിപ്പിച്ചുവെച്ച പ്രണയത്തിന്റെ സുന്ദരമായ നിമിഷങ്ങൾ നിനക്കായി പകർന്നു നൽകുമ്പോഴും നീ എന്ന് പറയുന്ന വലിയ സ്വപ്നങ്ങളെ എന്നിലേക്ക് ആവാഹിക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല എന്റെ ഉടലിന്റെ   രുചിയാണ്  വെണ്ടതെന്ന് 
മനസ്സിലാക്കാൻ ആറുമാസം വേണ്ടിവന്നു എനിക്ക്..

ഓർമ്മകൾ ഇങ്ങനെയാണ്. ഓർക്കുന്തോറും മൂർച്ചയേറും.
 അന്നൊരു പകൽ
കോളേജിലായിരുന്ന സമയം മുകളിലെ നിലയിൽ നിന്ന് കൈവരികൾ തഴുകി സംസാരിച്ച നിമിഷം ഓർമ്മകളിലേക്ക് ആവാഹിച്ചപ്പോൾ കവിളിലേക്ക് പതിക്കുന്ന കണ്ണീർത്തുള്ളികൾക്ക് ശക്തി അനുഭവപ്പെട്ടു. 

ഒടുവിലത്  മഴയായി വർഷിക്കുംപോലെ പെയ്തൊലിച്ചു കൊണ്ടിരുന്നു..



എന്തു രസമാണല്ലേ ഈ കടലിനും കരയ്ക്കും  അവനൊന്ന്  മുഖത്തുനോക്കി പറഞ്ഞു....

അന്നേരം എന്റെ മുഖം ചുവന്നിരുന്നു.

എന്റെ സുന്ദരിക്കുട്ടിയാണ് നീ !
എന്ന് പറഞ്ഞുകൊണ്ട് അവന്റെ കൈകൾ എന്റെ  കൈത്തണ്ടയിൽ പിടിമുറുക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല എന്റെ സ്വപ്നങ്ങൾക്കും പ്രതീക്ഷക്കും ഒരു രാത്രിയുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുനൊള്ളുവെന്ന്. 

ഞങ്ങൾ പ്രണയിച്ചിട്ടുണ്ട് ആർക്കും സങ്കൽപ്പിക്കാൻ കഴിയാത്ത രൂപത്തിൽ എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ഓരോ മൺതരികളെയും പുൽകികൊണ്ട് ഞങ്ങൾ നടന്ന വഴികൾ എത്രയാണ്..

പാറിപ്പറക്കുന്ന അപ്പൂപ്പൻതാടി വേണമെന്ന് പറഞ്ഞപ്പോൾ എന്റെ കവിളിലൊരു നുള്ള് തന്ന്, അവൻ പറഞ്ഞിരുന്നു ഈ കടലും 
കരയും നമ്മെപ്പോലെ പ്രണയിക്കുകയാണ് 
ഒരിക്കലും വേർതിരിവില്ലാത്ത പ്രണയത്തിലായി..

എന്റെ നോട്ടം അവന്റെ കണ്ണുകളിലേക്ക് പതിഞ്ഞപ്പോൾ എന്റെ മുടിയെ തഴുകിക്കൊണ്ട്
അവന്റെ മാറിലേക്ക് അണച്ചു പിടിച്ചുകൊണ്ട്
എന്റെ നെറ്റിയിൽ  ചുംബനത്താൽ മൂടിയപ്പോൾ
പറഞ്ഞിരുന്നു നീയാണ്... 

എന്റെ ജീവിതമെന്ന്. 
നിന്നെ സ്വന്തമാക്കണം നിന്നോടൊപ്പം നിന്റെ ഇഷ്ടങ്ങളും കൊച്ചു കൊച്ചുവർത്തമാനങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും നിന്റെ  ഇഷ്ടങ്ങൾക്കനുസരിച്ച് നിന്നിലായി ജീവിക്കണമെന്ന്... 

ഇത് പറയുമ്പോൾ എന്റെ മുഖം വിടർന്നു. മാത്രമല്ല അതൊരു  ചെറുപുഞ്ചിരിയായി  അവന്റെ കവിളിൽ പതിയുകയും ചെയ്തിരുന്നു. 

പതിയെ അവന്റെ മാറിലേക്ക് ഞാൻ അണയുമ്പോൾ ഇളം കാറ്റ് എന്റെ മുടികളെ  തഴുകി ഞങ്ങൾക്ക് ചെറിയ കുളിർ കോരി തന്നിട്ടുണ്ട്.

അവന്റെ കൈകൾ എന്നിൽ പിടിമുറുക്കികൊണ്ടിരിക്കുബോഴും  എന്റെ സ്വപ്നങ്ങളും, ഇഷ്ടങ്ങളും അവനിലൂടെ ഉടലെടുക്കുമെന്ന് കരുതിയതായിരുന്നു... 

"പക്ഷെ.. ! "
ഇന്നെനിക്ക് ബോധ്യമായി തികച്ചും അതൊരു മധുരമൂറുന്ന പാഴ് വാക്കുകളാണെന്ന്.. 

"  പ്രണയത്തിന്റെ ദിവ്യമായ അനുഭൂതിയിലേക്ക് ഞാൻ പാറിപറക്കുമ്പോൾ  അവനെന്നും പറയാറുണ്ട് നിന്റെ ഇഷ്ടങ്ങളാണ് എന്റെ ഇഷ്ടങ്ങളെന്ന്.... "

ആ ഇഷ്ടങ്ങളുടെ ചൂഴ്ന്നുനോട്ടം എന്നിലെ കടലിന്റെ രുചി മാത്രമാണ് വേണ്ടതെന്ന്   മനസ്സിലാക്കാൻ എനിക്ക്  പറ്റിയില്ല. 

എനിക്കു മാത്രമല്ല നിങ്ങൾക്കും പറ്റില്ല.  എന്നെപ്പോലെ നിങ്ങൾക്കും സ്വപ്നങ്ങളുണ്ട് ആ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി  ഉയരങ്ങൾ പാറിപ്പറക്കണമെന്ന് ഒരുവട്ടമെങ്കിലും നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ട്..

"ശരിക്കുമൊന്ന് ഓർത്തെടുത്തു നോക്കിയേ..."

ഇന്നലെ മഞ്ഞപ്പാവാട അണിഞ്ഞുകൊണ്ട് ഇരുകൈകളിലും  കരിവളകളിട്ട് 
അണിഞ്ഞൊരുങ്ങി  നീളൻ മുടിയിൽ മുല്ലപ്പൂവും ചൂടി വരുമ്പോൾ എന്റെ  സ്വപ്നങ്ങളിലേക്കുള്ള  യാത്രയുടെ തുടക്കം ഇവിടെ നിന്ന് പാറി പറക്കണമെന്നായിരുന്നു.... 

'എന്നാൽ അവന്റെ വാക്കുകൾ എന്നെ തളർത്തി..  '

'ആ കണ്ണുകളിലെ നോട്ടം എന്നെ ഭയപ്പെടുത്തി'

ഇത് ശരിക്കും അവൻ തന്നെയാണോ ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി. 

കണ്മഷിയെഴുതിയ കണ്ണുകൾ എത്ര സുന്ദരമെന്ന് പലവട്ടം പാടിയ രാപ്പകലുകൾ... 

ഒന്ന്   കണ്ണെഴുതാൻമറന്നു പോയാൽ ഇന്ന് നിന്റെ കണ്ണുകൾ തിളക്കമില്ലെന്നും വീണ്ടും കണ്ണെഴുതാൻ പറഞ്ഞ  രൂപം  ഇന്നെനിക്ക് ശൂന്യമായി... !

എന്റെ ഇഷ്ടങ്ങൾ തടവിലാക്കപ്പെട്ടു, ബന്ധങ്ങൾ ബന്ധനങ്ങളായിമാറി.. ഇന്നെനിക്ക് കണ്ണെഴുതിയ കണ്ണുകളില്ല.. കരിവളകലാൽ  ചൂടിയ കൈകളില്ല ... 

നീണ്ട മുടികളിൽ  കോർത്തുവെച്ച മുല്ലപ്പൂവിൻ സുഗന്ധങ്ങളില്ല...... 

"മധുരമൂറുന്ന വാക്കുകൾ എന്നിൽ അന്യമായി."

എല്ലാം എന്നിൽ നിന്ന് കവർന്നെടുത്തിരിക്കുന്നു

'ശരിക്കും ഞാൻ ഒരു അപരിചിതയായി  മാറിക്കഴിഞ്ഞു. '

'ഇന്നു ഞാൻ ഒരു പാവയാണ്.. 
വെറുമൊരു പാവ'

തന്റെ കണ്ണുകളിലേക്ക് നോക്കി നിന്ന
അതേ മഞ്ഞപ്പാവാട വീണ്ടും കൊഞ്ഞനം കുത്തി.....

No comments: