(കവിത)
രചന : സഫ്‌വാൻ മൂസ
അമ്മക്കൊരുണ്ണി പിറന്ന തൊട്ടേ
ഇമ്മിണി കൗതുകം പെറ്റു വീണേ.
തൊട്ടും തലോടിയും താലൊലിച്ചും
തഞ്ചത്തിൽ നെഞ്ചോട് ചേർത്ത് വെച്ചേ.
താളത്തിലീണത്തിലമ്മ പാടും
താരാട്ടു പാട്ടുകൾ തളിർ പൊഴിച്ചേ.
ഉണ്ണിയുറങ്ങാ ഉറക്ക രാവുകൾ
ഉറക്കം മറന്നമ്മ ഉണർന്നിരുന്നേ.
ഉണ്ണി കരയുന്നു അമ്മ ചിണുങ്ങുന്നു
ഓർമകളെൻ ഹൃത്തിൽ വേരിറക്കി.
അമ്മാടെ നൊമ്പരം കൗതുക തന്ത്രികൾ
അപ്പാടെ ഞാനുമൊന്നോർത്തു പോയി.
ഉണ്ണി കഥകളോ കുസൃതി കുശുമ്പുമോ
ഒന്നുമേയെന്നമ്മ ചൊന്നതില്ലാ.
വികൃതി വിളയുന്ന വീരന്റെ കഥകളായ്
പൊന്നമ്മ ചൊന്നതെൻ വീരഗാഥ.
സ്നേഹ വാത്സല്യവും കരളും കരുതലും
ചേർത്തു വെച്ചല്ലാതെ കാത്തതില്ല.
കാക്കണമമ്മയെ കാത്തു വെച്ചീടണം
കാലവും കോലവും മാറിയാലും.
പാപങ്ങൾ പേറുന്ന പാമരനപ്പഴേ
കാരുണ്യവാനിലായ് കരങ്ങൾ നീട്ടി.
ചേർക്കണമമ്മയേ ചേർത്തു വെച്ചീടണേ
കാവലും കരുതലും നൽകീടണേ.
No comments: