ഭാഗം 5
ഓർമ്മകുറിപ്പുകൾ
രചന : ലിജുഗോപാൽ ആഴ്വാഞ്ചേരി
2016 ഫെബ്രുവരി 22....
അന്നാണ് ഞാൻ അഹല്യയിൽ ഇന്റർവ്യുന് പോകുന്നത്.. ചെയർമാൻ ഓഫീസിൽ ഇന്റർവ്യു കഴിഞ്ഞ ശേഷം അടുത്ത ഇന്റർവ്യു HRD യിൽ ആയിരുന്നു.
അന്നത്തെ മാനേജർ അവതാർ കൃഷ്ണ കാണുന്നതിന് മുൻപ് അസിസ്റ്റൻറ് മാനേജർ ആയിരുന്ന (Anish Karthikeyan ) അനീഷേട്ടന്റെ വക കുറച്ചു ചോദ്യങ്ങൾ... പിന്നെയാണ് അവതാറിനെ കണ്ടത്.
അതിനു ശേഷം പുറത്തിറങ്ങിയപ്പോൾ പുറകെ വന്ന് അനീഷേട്ടൻ എന്റെ ഫോൺ നമ്പർ വാങ്ങി... സത്യത്തിൽ ഞാൻ ചോദിക്കാനിരിക്കുകയായിരുന്നു...
പിന്നെ ഫെബ്രുവരി 27 ന് Priya Rincy വിളിച്ച് സെലക്ട് ആയിട്ടുണ്ടെന്നും മാർച്ച് 3 ന് ജോയിൻ ചെയ്യണം എന്നും പറഞ്ഞു..
തുടർന്ന് അനീഷേട്ടനും വിളിച്ചു.. അവിടന്ന് തുടങ്ങുകയായിരുന്നു നല്ലൊരു സൗഹൃദം..!
മനസിൽ ഒന്നും എടുത്ത് വെച്ച് സംസാരിക്കാൻ അനീഷേട്ടന് അറിയില്ലായിരുന്നു..
ജോയിൻ ചെയ്ത ശേഷം അനീഷേട്ടന്റെ അടുത്തായിരുന്നു എന്റെ സീറ്റ്..
തുടർന്ന് ഞങ്ങൾ നല്ല കൂട്ടായി..! കൂടുതൽ അറിഞ്ഞപ്പോൾ എന്തൊക്കെയോ അസുഖങ്ങൾ അദ്ദേഹത്തിനെ അലട്ടുന്നുണ്ടെന്ന് മനസിലായി... വളരെ ഹംപിൾ ആയ മനുഷ്യൻ!
ചിലപ്പോൾ നിസ്സാര കാര്യങ്ങൾക്ക് ചൂടാവും... അതേ പോലെ പെട്ടന്ന് തണുക്കുകയും ചെയ്യും.. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം കുടു:ബത്തോടൊപ്പം ജോലി സൗകര്യാർത്ഥം അത്തിക്കോട് ആയിരുന്നു. താമസം.. അനിയൻ Ajish Karthikeyan ഇവിടെ JCT യിൽ അദ്ധ്യാപകൻ ആയിരുന്നു എന്നാണോർമ്മ... !
എന്റെ എഴുത്തിനോടുള്ള കമ്പം മനസിലാക്കി എന്നെ ഇത്രത്തോളം സപ്പോർട്ട് ചെയ്ത ഒരാൾ വേറേ ഉണ്ടാവില്ല..
അഹല്യ ഫെസ്റ്റിൽ സ്റ്റാഫുകളുടെ മലയാളം എഴുത്തു മത്സരത്തിൽ പങ്കെടുക്കാൻ അദ്ദേഹം എന്നെ ഒരു പാട് നിർബന്ധിച്ചു... പക്ഷെ അന്നത്തെ മാനേജർ ഭയങ്കര സ്ട്രിക്കറ്റ് ആയതു കൊണ്ട് അന്ന് പങ്കെടുക്കാൻ പറ്റിയില്ല.. മത്സര ഫലം വരുന്ന ദിവസം പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമത്തിലിരുന്ന എന്നെ തോളിൽ തട്ടി സ്വന്തം ഏട്ടനെ പോലെ ആശ്വസിപ്പിച്ചു...
"നമുക്കും ഒരു ദിവസം വരും " എന്ന് പറഞ്ഞു..
അടുത്ത ദിവസം മാനേജർ ലീവായിരുന്നു..
എന്റെ കൈ പിടിച്ച് ''വാ ഒരു സ്ഥലം വരെ പോവാം.. " എന്ന് പറഞ്ഞ് എന്നെ നിർബന്ധിച്ച് കൊണ്ടുപോയി..
അഹല്യ റേഡിയോ യുടെ മാനേജർ Ratheesh Kunjamma രതീഷേട്ടനെ കാണാനായിരുന്നു അത്..
എന്നെ പരിചയപ്പെടുത്തിയ ശേഷം വർഷങ്ങളായി എന്നെ അറിയുന്ന ആളെ പോലെ എന്റെ എഴുത്തിനെ കുറിച്ച് വാചാലനായി സംസാരിച്ചു..
ഞാൻ അമ്പരപ്പോടെ... അനീഷേട്ടനെ നോക്കി കൊണ്ടിരുന്നു...
ഞാൻ മനസിലാക്കാത്ത എന്നെ, എന്നെക്കാൾ നന്നായി പ്രസന്റ് ചെയ്യുന്ന അനീഷേട്ടൻ അന്ന് തൊട്ട് എനിക്ക് സ്വന്തം ഏട്ടനായി...
എല്ലാവരും അംഗീകരിക്കാൻ മടിക്കുന്ന ഇക്കാലത്ത് യാതൊരു മടിയുമില്ലാതെ നമ്മെ കുറിച്ച് , വിവരിക്കുന്ന മുപ്പരോട് അനിർവചിനീയമായ ഒരടുപ്പം തോന്നുക സ്വാഭാവികമല്ലെ ?
രതീഷേട്ടൻ അപ്പോൾ തന്നെ RJ നന്ദ ( Rj Nanda ) യെ വിളിച്ചു എന്നെ പരിചയപെടുത്തി...
പുസ്തക നിരൂപണവുമായി ബന്ധപെട്ട അക്ഷര പടവുകൾ എന്ന പരിപാടി ആയിരുന്നു ചെയ്തത്..
തുടർന്നുള്ള ദിവസങ്ങളിൽ
വൈകീട്ട് 4 മണിക്ക് എന്നെയും വിളിച്ചു കൊണ്ട് അനീഷേട്ടൻ റസ്റ്റോറന്റിലേക്ക് പോവും..
കാരണം 4 മണിക്കായിരുന്നു പ്രാഗ്രാം സംപ്രേഷണം ചെയ്തിരുന്നത്..
റസ്റ്റോറന്റിലെ റേഡിയോയിൽ പരിപാടി കേൾക്കും
അവസാനം നിരുപണം എന്ന് പറഞ്ഞ് ബബിത എന്റെ പേര് പറയുമ്പോൾ മുപ്പരുടെ മുഖത്തെ സന്തോഷം കാണണം...!
ഇതിനിടെ മൂപ്പർക്ക് വേണ്ടി കുറേ വിവാഹാലോചനകൾ ഞാനും നടത്തി നോക്കിയിരുന്നു... !
അതിനിടെ മൂപ്പരുടെ അമ്മ മരിച്ചു.. അപ്രതീക്ഷിതമായിരുന്നു അത്..!
2016 ഡിസംബറിൽ ആണെന്ന് തോന്നുന്നു തുടർന്ന് നീണ്ട ലീവ് എടുത്ത അനീഷേട്ടൻ പിന്നെ റിസൈൻ ചെയ്തു..
എന്നാലും ഇടക്കിടെ കോൺടാക്കറ്റ് ഉണ്ടായിരുന്നു..
ഒരിക്കൽ പുതിയ അസി.മാനേജർ Subin Sumithran ജോയിൻ ചെയ്തപ്പോൾ ഞങ്ങൾ രണ്ടു പേരും ഉള്ള സെൽഫി അയച്ചു കൊടുത്തപ്പോൾ വന്ന മറുപടി " when will u become assistant manager?" എന്നായിരുന്നു...
പിന്നെ മാസങ്ങൾക്ക് ശേഷം എനിക്ക് അസിസ്റ്റൻറ് മാനേജർ ആയി പ്രൊമോഷൻ കിട്ടിയപ്പോൾ അനീഷേട്ടന്റെ അദൃശ്യ സാന്നിധ്യം ഞാൻ തിരിച്ചറിഞ്ഞു.
2017 ഒക്ടോബർ 10 ന് എന്നാണ് ഓർമ്മ !
അന്ന് രാവിലെ എണീറ്റ ഞാൻ ഫോണിൽ അനീഷേട്ടന്റ നമ്പറിൽ നിന്ന് വന്ന ഒരു മെസേജ് കണ്ട് ഞെട്ടി..! കുറേ നേരം തരിച്ചിരുന്നു പോയി...
അനീഷേട്ടൻ ഈ ലോകം വിട്ടു പോയിരിക്കുന്നു.. മരണം അറിയിച്ചു കൊണ്ടുള്ള മെസേജ് ആയിരുന്നു അത്...
ഒരു പാട് സ്വപ്നങ്ങളുള്ള... എല്ലാം ഉള്ളിലൊതുക്കി ജീവിച്ചിരുന്ന മനുഷ്യൻ...
വിവാഹ ജീവിതത്തെ കുറിച്ച് വ്യക്തമായ ചിന്തകൾ മൂപ്പർക്കുണ്ടായിരുന്നു...
നല്ല ഭക്ഷണ പ്രിയനായിരുന്നു... ഒരിക്കൽ ഓഫീസിൽ Anup C Roy നല്ല ബീഫ് കട്ട്ലറ്റ് കൊണ്ടു വന്നു... ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഞാൻ സംഭവം കഴിക്കുന്നത്... ഉഗ്രൻ സാധനം..! '
അപ്പോൾ അനീഷേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
" ഒരു ദിവസം തിരുവനന്തപുരം വാ സാറേ.. നല്ല ബീഫ് കട്ട്ലറ്റ് വയറു നിറയെ ഞാൻ വാങ്ങിത്തരാം "
വർഷങ്ങൾക്ക് ശേഷം 2018 ഫെബ്രുവരിയിൽ മോന്റെ ചികിത്സാർത്ഥം ഞാൻ തിരുവനന്തപുരം പോയപ്പോൾ അനീഷേട്ടന്റ ചിരിച്ച മുഖവും ഈ വാക്കുകളും ഞാനോർത്തു... അനീഷേട്ടനില്ലാത്ത തിരുവനന്തപുരത്ത്...അനീഷേട്ടനില്ലാത്ത ലോകത്ത് ഞാൻ ഒറ്റപെട്ട പോലെ തോന്നി... അന്ന് ഞാൻ ബസ് സ്റ്റാൻഡിലെ ഇരുട്ടിലേക്ക് നോക്കി കുറേ നേരം മിണ്ടാതിരുന്നു... ആ ശൂന്യതയിൽ ചിലപ്പോൾ ചിരിച്ചു കൊണ്ട് എനിക്കുള്ള ബീഫ് കട്ലറ്റും കൊണ്ട് മൂപ്പർ നിൽക്കുന്നുണ്ടാവാം...
എന്റെ പോത്തൻകോട് ഓർമ്മകൾ ( മറ്റൊരിക്കൽ പറയാം ) മൂപ്പരോട് പറഞ്ഞപ്പോൾ ഒരീസം നമുക്ക് രണ്ടു പേർക്കും കൂടി പോവാം എന്ന് പറഞ്ഞിരുന്നു.. അപ്പോൾ പോത്തൻകോട് ബോർഡു വെച്ച ഒരു ബസ് കടന്നു പോയി...
എന്നെ ഞാൻ അറിയാതെ അനീഷേട്ടൻ അവിടെ നിന്നും നോക്കി കാണുന്നുണ്ടാവാം എന്ന് മനസു മന്ത്രിച്ചു...!
അഹല്യ റേഡിയോയുടെ ഓഫീസിൽ നിന്നും അന്ന് ഇറങ്ങി വന്ന പോലെ ഒരിക്കൽ ഈ ലോകത്തു നിന്നും തന്നെ മൂപ്പരും ഇറങ്ങി പോയി.. ആരോടും പരാതിയില്ലാതെ...
No comments: