സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

ആദ്യ ഗൾഫ് യുദ്ധം.. (അനുഭവങ്ങൾ)രചന : ചാരുംമൂട് ഷംസുദീൻ

ആദ്യ ഗൾഫ് യുദ്ധം..
     (അനുഭവങ്ങൾ)
രചന : ചാരുംമൂട് ഷംസുദീൻ.

കാലം 1990 ആഗസ്റ്റ് 1. അന്നാണ് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ കുവൈറ്റ് കീഴടക്കിയത്.
ഒന്നാം ഗൾഫ് യുദ്ധം.
ഇരുരാഷ്ട്രങ്ങൾ തമ്മിൽ കാലങ്ങളായി നിലനിന്നിരുന്ന അതിർത്തി തർക്കം പരിഹരിക്കപ്പെടാതെ പോയതിന്റെ ഒടുവിലാണ് ഇറാക്കിന്റെ കുവൈറ്റിന് മേലുള്ള അധിനിവേശം നടന്നത്.
ഞാൻ അന്ന് സൗദി അറേബ്യയിലെ അൽ - ഖോബാർ എന്ന സ്ഥലത്താണ് ജോലി ചെയ്തിരുന്നത്.ചരിത്ര താളുകളിൽ മാത്രം വായിച്ചറിഞ്ഞിരുന്ന ഒരു യുദ്ധാനുഭവം.നേരിട്ടറിയാനുള്ള നിർഭാഗ്യമോ, ഭാഗ്യമോ എനിക്കുണ്ടായി.
അന്ന് മൊബൈൽ ഫോൺ ആയിട്ടില്ല.ലാൻഡ്ഫോൺ തന്നെ അത്രമേൽ പ്രചാരത്തിൽ ഇല്ല.കത്തുകളും കമ്പി സന്ദേശങ്ങളും മാത്രമാണ് നാടുമായി ബന്ധപ്പെടാനുള്ള ഉപാധി.
എനിക്കെന്ത് സംഭവിച്ചെന്ന് അറിയാതെ വീട്ടുകാർ എത്രമാത്രം വിഷമിച്ചിട്ടുണ്ടാകും. അതൊക്കെ പറഞ്ഞാൽ മറ്റുള്ളവർക്ക് എത്രമാത്രം മനസ്സിലാകുമെന്ന് അറിയില്ല.
ഒരുമുറിയിൽ ഞങ്ങൾ 8പേരാണ് താമസം. തട്ടു തട്ടായിട്ടുള്ള കട്ടിലുകളാണ്.അതൊക്ക ആദ്യകാല ഗൾഫ് അനുഭവമാണ്.
അന്താരാഷ്ട്ര ഇടപെടലുകൾ എല്ലാം.പരാജയപ്പെട്ടതോടെ യുദ്ധം അനിവാര്യ മാവുകയായിരുന്നു. കുവൈറ്റിന്റെ സഖ്യകക്ഷി രാഷ്ട്രങ്ങൾ മുഴുവൻ. അവരുടെ സേനയെ അതിർത്തിയിൽ വിന്യസിച്ചു.പോർമുഖം സജീവമായി.
യുദ്ധോപകരണങ്ങളും പടക്കോപ്പുകളും നിരത്തിലൂടെ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു.ആധുനികരീതിയിൽ ഉള്ള വിവിധ തരത്തിലുള്ള പടുകൂറ്റൻ പാറ്റൻ ടാങ്കുകളും വെടിക്കോപ്പുകളും.എല്ലാം ജീവിതത്തിൽ ആദ്യമായി നേരിൽകാണുകയാണ്.ഉള്ളിൽ വല്ലാത്ത ഭീതിയും ഭയവും.ഒപ്പം കൗതുകവും.ആകാശത്ത്കൂടെ തലങ്ങും വിലങ്ങും ഹെലികോപ്റ്ററുകളുടെ പാച്ചിൽ.
ഞങ്ങളുടെ താമസസ്ഥലത്തിന് കുറെയകലെ മരുഭൂമിയിൽ. അമേരിക്കയുടെ ഒരു ഹെലികോപ്റ്റർ സാങ്കേതിക തകരാർ മൂലം. തകർന്ന് വീഴുന്നത് നേരിൽ കാണുകയുണ്ടായി.
സൗദി അറേബ്യയുടെ ആകാശവും ഭൂമിയും യുദ്ധോപകരണങ്ങൾ കൊണ്ട് ശബ്ദമുഖരിതമായി.
യുദ്ധം തുടങ്ങി.പതിയെ പതിയെ യുദ്ധത്തിന്റെ ഗതിമാറുകയായി.ദിവസം കഴിയും തോറും യുദ്ധത്തിന്റെ ഗാംഭീര്യം വർധിച്ചുവന്നു.രാജ്യത്തെ പൗരന്മാർക്കും കുടിയേറ്റക്കാർക്കുമുള്ള നിർദ്ദേശങ്ങൾ രാജ്യം അപ്പപ്പോൾ നൽകുന്നുണ്ടായിരുന്നു.യുദ്ധം മുറുകിയതോടെ രാത്രിയിൽ തെരുവ് വിളക്കുകൾ മാത്രമല്ല വീടിനുള്ളിൽ പോലും വിളക്കുകൾ കത്താതായി.
എവിടെ നോക്കിയാലും.ആകാശത്തുകൂടി തലങ്ങും വിലങ്ങും മിസൈയിലുകളുടെ പാച്ചിൽ.
സദ്ദാമിന്റെ സ്കഡ്ഡ് മിസൈയിലിനെ സഖ്യകക്ഷികൾ. ആന്റി മിസൈൽ ഉപയോഗിച്ചു നശിപ്പിക്കുമ്പോൾ.ആകാശത്തിന് കീഴെ മിന്നൽ പിണറുകൾ പാഞ്ഞു നടന്നു.
എങ്ങും ഭീതിതമായ അന്തരീക്ഷം..
ഞങ്ങൾ 8പേരും മുറിയ്ക്കുള്ളിൽ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരായി പരസ്പരം സംസാരിക്കാൻപോലും കഴിയാതെയിരുന്നു.ചില രാത്രികളിൽ കണ്ണിൽ ഉറക്കം പിടിച്ചുവരുമ്പോൾ.കണ്ടൻപൂച്ച കുറുകുന്നപോലുള്ള ഒരുതരം ശബ്ദം പുറപ്പെടുവിച്ചുകൊണ്ട്. ആംബുലൻസ്കൾ തെരുവിലൂടെ ചീറിപ്പായും.ഇറാക്ക് വിഷവാതകം പ്രയോഗിക്കുവാൻ സാധ്യതയുണ്ട്.ആയതിനാൽ എല്ലാവരും അലർട്ടാകാനുള്ള മുന്നറിയിപ്പാണത്.ഉടൻ തന്നെ ചാടിയെണീറ്റ്.അതിനെ പ്രതിരോധിക്കുവാനുള്ള ഗ്യാസ് മാസ്ക് ധരിയ്ക്കും.അത് ഹെൽമറ്റ് പോലെയാണ്.
മിക്കദിവസങ്ങളിലും ഭയന്ന് മുറിവിട്ടു പുറത്തുപോകും. അവിടെയും രക്ഷയില്ലെന്ന്കണ്ട് വീണ്ടും മുറിയിലേക്ക്. ഇത്‌ മാസങ്ങൾ നീണ്ടുനിന്നു.
കടലിനു മീതെ സൗദി അറേബ്യയെയും ബഹ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 35km നീളമുള്ള ബഹ്റിൻ പാലത്തിന്റെ കുറെ അടുത്താണ് ഞങ്ങളുടെ താമസം. ഈ പാലം പൊളിയ്ക്കുവാനായി. സദ്ദാംഹുസൈൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരുദിവസം വന്ന ഇറാഖിന്റെ മിസൈൽ.സഖ്യകക്ഷികൾ ആന്റി മിസൈൽ തൊടുത്ത് അടിച്ചിട്ടത്.ഞങ്ങളുടെ മുറിയുടെ ആറേഴ് കിലോമീറ്റർ മാത്രം അടുത്താണ്.
TV യിൽ BBC ന്യൂസ്‌ കണ്ടുകൊണ്ടിരിക്കുക ആയിരുന്നു ഞങ്ങളപ്പോൾ.
(അന്ന് മലയാളം ചാനലുകൾ നിലവിൽ വന്നിട്ടില്ല.)പെട്ടെന്ന്അന്തരീക്ഷം മുഴുവൻ നിറയുന്ന ഒരു വലിയ അഗ്നിഗോളം ദൃശ്യമായി. അത്‌ ഞങ്ങളുടെ മുറിയ്ക്കുള്ളിലേക്ക് വരുന്നത് പോലെയാണ് തോന്നിയത്. ഞങ്ങൾ എല്ലാംമറന്ന് അലറിവിളിച്ചുകൊണ്ട് പുറത്തേക്കോടി. അപ്പോൾ അന്തരീക്ഷമാകെ അതിഭയങ്കരമായ ചൂട് അനുഭവപ്പെട്ടു.ആ നിമിഷം ഞങ്ങളുടെ ഒക്കെ ചിന്തകൾ ഒന്നായിരുന്നു. ഇനി നാടും വീടും വേണ്ടപ്പെട്ടവരെയും കാണാൻ കഴിയുമോ?.മരണം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.നിസ്സഹായരായി കരയാൻ മാത്രമേ ഞങ്ങൾക്കപ്പോൾ കഴിയുമായിരുന്നുള്ളു.ഞങ്ങളുടെ ഇടയിൽ ഭിന്നിപ്പില്ലാതെ. ഒരുമിച്ചു നിൽക്കാൻ കഴിഞ്ഞത് ഞങ്ങളുടെ ഏറ്റവും വലിയ കരുത്തായി.
അന്ന് നമ്മുടെ ഭരണകൂടം ഒരുതരത്തിലുള്ള ഇടപെടലുകളും.ഞങ്ങളുടെ (സൗദിയിൽ അറേബ്യയിൽ ഉണ്ടായിരുന്ന മുഴുവൻ പ്രവാസികളും )കാര്യത്തിൽ കൈക്കൊണ്ടില്ല.
ജോലി ചെയ്തിരുന്ന കമ്പനി പൂട്ടി അവരും സ്ഥലം വിട്ടു.ശംമ്പളമില്ല, കഴിയ്ക്കാൻ ഭക്ഷണമോ,കുടിയ്ക്കാൻ വെള്ളമോ ഇല്ലാതെ.വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചു.
ജീവിതത്തിൽ മരണം മുഖാമുഖം കണ്ട് ജീവിച്ച ദിനരാത്രങ്ങൾ.ഒരിയ്ക്കലും മറക്കാൻ കഴിയില്ല.
നാട്ടിലേക്ക് ഒരു തിരിച്ചുപോക്ക് സാധ്യമാകുമോ.എന്നുപോലും നിശ്ചയമില്ലാത്ത ദിവസങ്ങൾ..
മാസങ്ങൾക്കൊടുവിൽ സഖ്യസേന ഇറാക്കിനെ കിഴ്പ്പെടുത്തി.യുദ്ധം അവസാനിച്ചു.
ഇതിനിടയിൽ യുദ്ധത്തിന്റെ തുടക്കത്തിൽ എപ്പഴോ. വീട്ടിലേക്ക് 8ജീവിച്ചിരിപ്പുണ്ടെന്ന്  ഒരു സന്ദേശം ടെലിഗ്രാംരൂപത്തിൽ അയച്ചു.അതിന് മറുപടിപോലും കിട്ടിയില്ല.
ഈ ദുരിത പർവ്വത്തിനിടയിലും ഞങ്ങളെ പൊട്ടിച്ചിരിപ്പിച്ച ഒരു സംഭവമുണ്ടായി. അതുകൂടി പറയാതിരിക്കാൻ കഴിയില്ല. മിസൈൽ വീണ ദിവസം രാത്രിയിൽ.
ഞങ്ങൾ ഉടുത്തിരുന്ന ഡ്രസ്സ്‌മായിട്ടാണ് മുറിയിൽ നിന്നും പുറത്തേക്ക് ഓടിയത്.കുറച്ച്ദൂരം ചെന്ന് തിരിഞ്ഞു നോക്കിയപ്പോൾ. കൂട്ടത്തിൽ ഒരാൾ കുറവുണ്ട്. തിരുവനന്തപുരം സ്വദേശി മണികണ്ഠൻ. അയാൾക്കെന്ത് സംഭവിച്ചന്നറിയാതെ ഞങ്ങൾക്ക് ആകെ വെപ്രാളമായി. ഞങ്ങളങ്ങനെ വിഷമിച്ചു നിൽക്കുമ്പോൾ.ദൂരേന്നയാൾ ഒരു ബാഗ് തോളിൽതൂക്കി
പാന്റും ഷർട്ടുമൊക്കെ ഇട്ടാണ് വരവ്. ഇടയ്ക്ക് പറയട്ടെ. "ഇൻ ഹരിഹർ നഗർ "എന്ന സിനിമയിലെ അപ്പുക്കുട്ടന്റെ ഒരു പതിപ്പാണിയാൾ. ആൾ അടുത്തുവന്നപ്പോൾ ഞങ്ങൾ ചോദിച്ചു."നീ എവിടെയായിരുന്നു മണികണ്ഠാ.ഈ ബാഗ്മായി എങ്ങോട്ടുപോകുന്നു..."
"നമ്മൾ പുറത്തെങ്ങാനുമായി പോയാൽ.കുളിയ്ക്കുകയും പല്ല് തേക്കുകയും വേണ്ടേ. മാറിയുടുക്കാൻ തുണിവേണ്ടേ.ഞാനതെല്ലാം എടുത്തത് കൊണ്ടാണ് താമസിച്ചത്.."
മണികണ്ഠന്റെ (പേര് ശരിയ്ക്കുള്ളതല്ല മറുപടികേട്ട്, ജീവന്മരണ പോരാട്ടം നടത്തുന്ന ആ നിമിഷത്തിൽ ഞങ്ങൾ പരിസരം മറന്ന് പൊട്ടിച്ചിരിച്ചുപോയി. പിൽക്കാലത്തു ഇൻ ഹരിഹർ നഗറിൽ അപ്പുക്കുട്ടനെ കണ്ടപ്പോൾ മനസിലായി.മണികണ്ഠൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടന്ന്.
കാലംമാറി..
തികച്ചും യാദൃശ്ചികമാകാം.. 2004ൽ രണ്ടാം ഗൾഫ് യുദ്ധം നടക്കുമ്പോൾ ഞാൻ ദുബായിൽ ആയിരുന്നു.

No comments: