ആയിശൂന്റെ ചക്കര
(ചെറുകഥ)
രചന : അഫീഫ പി ഇല്ലത്തുമാട്
ആയിശൂ... ആയിശൂ...
ജാലകത്തിലൂടെ പുറത്തേക്ക് നോക്കിനിൽക്കുന്ന അവളെ ഓർമ്മകളിൽ നിന്നും തട്ടിയുണർത്തിയത് കാറ്റിലൂടെ തഴുകിയെത്തിയ ഉമ്മാൻ്റെ വിളിയായിരുന്നു. "ഒരു മണിക്കൂർ ആയല്ലോ ചൂലും പിടിച്ചു പോന്നിട്ട്" അതും പറഞ്ഞ് ഉമ്മ അവളുടെ അടുത്തേക്ക് വന്നു. അതിലൂടെ നോക്കിനിന്നെന്ന് കരുതി പോയത് തിരിച്ചു വരില്ല.
കണ്ണീരിൽ കലർന്ന മൗനത്തിൽ അവളുടെ ജോലിയിലേക്ക് തന്നെ കേന്ദ്രീകരിച്ച അവളെ നോക്കി ഒരു നിസ്സഹായ നെടുവീർപ്പിട്ടുകൊണ്ട് ഉമ്മ തിരിച്ചുപോയി.
കുളിയെല്ലാം കഴിഞ്ഞ് ഈറനൊഴിഞ്ഞ് പോകാത്ത മുടിയുമായി അവൾ ജാലകത്തിലൂടെ പുറത്തേക്ക് അലക്ഷ്യമായി ദൃഷ്ടിയയച്ചു. അതിലൂടെ ഒഴുകിവന്ന കാറ്റ് അവളുടെ ഓർമ്മകളെ തഴുകി ഉണർത്തി. അവൾ ചിന്തകളുടെ ആഴിയിലേക്ക് അപ്പോഴേക്കും തളക്കപ്പെട്ടിരുന്നു.
ചക്കരേ...ചക്കരേ....
കോളേജ് വിട്ടു വന്നയുടനെയുള്ള അവളുടെ വിളിയിൽ സ്നേഹം നിറഞ്ഞ നോട്ടം കൊണ്ട് മറുപടി നൽകിയ ചക്കരയെ അവൾ വാരിപ്പുണർന്നു. അവളുടെ നെഞ്ചോട് ചേർത്തുവച്ചു. ആ ചൂടിൽ തല ചായ്ച്ചപ്പോൾ ഉമ്മയില്ലാത്ത അഗാധമായ ദുഃഖം അവൻ മറന്നു പോയി.
ഞാൻ കുളിച്ചിട്ടു വരാമെന്ന് പറഞ്ഞു പോയ അവളെ അവൻ കാത്തിരുന്നു. പുഞ്ചിരി തൂകിയ മുഖവുമായി പാട്ടുംപാടി വരുന്ന ആയിശൂനെ കണ്ട് അവൻ അവളുടെ അടുത്തേക്ക് ഓടിപ്പോയി. അവളും അവനും ചേർന്നാൽ പിന്നെ അവിടെയൊരു സന്തോഷമേളയാണ്. കളിയിലും ചിരിയിലുമെല്ലാം സമയങ്ങൾ ചിലവഴിച്ച് അവരങ്ങനെ നടക്കും. അവൾ എവിടെ പോകുമ്പോഴും അവനും ഉണ്ടാകും മുന്നിൽ തന്നെ. സ്വന്തം കൂടപ്പിറപ്പിനെ പോലെയായിരുന്നു അവൾക്ക് അവൻ.
ആകാശത്തിന്റെ തെളിച്ചം മാഞ്ഞ് ഇരുണ്ട മുഖവുമായി വരുന്ന കാർമേഘങ്ങളെ കണ്ട് ഉമ്മറപ്പടയിലേക്ക് അവർ ഓടിക്കയറി. പാത്രങ്ങളുടെ ചടപ്പടാ ഒച്ച പോലെ ഓടിലേക്ക് ചിന്നിച്ചിതറി വീഴുന്ന മഴത്തുള്ളികളെ അവർ ആവോളം ആസ്വദിച്ചിരിക്കുകയാണ്. അവളുടെ രാഗത്തിൽ മയങ്ങിയ അവൻ പതിയെ അവളുടെ മടിയിൽ തല ചായ്ച്ച് നിദ്രയിലാണ്ടു. ഒരു പുഞ്ചിരിയാർന്ന മുഖവുമായി അവൾ പുറത്തേക്ക് നോക്കി നിന്നു. കറുപ്പിൻ അഴക് കൂനകളായി വാനിൽ തിങ്ങി നിന്നതും ചക്രവാളത്തിന്റെ മന്ദമാരുതൻ ഇളം തണുപ്പോടെ മണ്ണിനൊട്ടാകെ തഴുകുന്നത് പോലെ അവൾക്ക് തോന്നി.
അങ്ങനെ ദിവസങ്ങൾ ഓരോന്നായി കടന്നുപോയി. ആയിശൂവിന്റെ ഉപരിപഠനത്തിനായി അവൾക്ക് വിദൂരത്തുള്ള ഒരു കോളേജിലേക്ക് പോകേണ്ടി വന്നു. അവിടെ ഹോസ്റ്റലിലാണ് താമസം. അങ്ങനെ കോളേജിലേക്ക് പോകാനുള്ള ദിവസം അടുത്തെത്താനായി. ഓരോ പുലരിയിലും അവളുടെ മനസ്സിൽ വിതുമ്പലിന്റെ കാഠിന്യം കൂടി വന്നു. ചക്കര ഇല്ലാതെ ഞാനെങ്ങനെയാണ് പോവുക ? ഞാനെങ്ങാനും പോയാൽ അവനെ ആരാണുണ്ടാവുക? ഇങ്ങനെ തുടങ്ങി നൂറായിരം ചോദ്യങ്ങൾ അവളുടെ മനസ്സിൽ അലയടിച്ചു. അവസാനം ആ ദിനം വന്നെത്തി . നിദ്രയിൽ നിന്ന് തുറന്ന കണ്ണുകളിലേക്ക് തുളഞ്ഞെത്തിയ പ്രകാശകിരണങ്ങൾ അവളെ പ്രഭാത കീർത്തനം ചൊല്ലി വരവേറ്റു.
ആയിശൂ...ആയിശൂ..
നിനക്കിപ്പോഴും എഴുന്നേൽക്കാറായില്ലേ...ഇന്ന് സന്ധ്യക്ക് മുമ്പേ പോകാനുള്ളതല്ലേ.. നിറഞ്ഞ കണ്ണുകളോട് അവൾ ഉമ്മാനെ നോക്കി പറഞ്ഞു ഉമ്മ.. നിങ്ങളെയൊക്കെ വിട്ട് ഞാനെങ്ങനെ പോവാ.. ഉമ്മ തൻ്റെ സങ്കടം മനസ്സിൽ അടക്കിപ്പിടിച്ച് പുഞ്ചിരിയോടെ പറഞ്ഞു നിന്റെ നല്ല ഭാവിക്കല്ലേ.. അതും പറഞ്ഞു ഉമ്മ അടുക്കളയിലേക്ക് പോയി.
മനസ്സില്ല മനസ്സോടെ അവൾ പണിയെല്ലാം കഴിച്ച് പാക്കിംഗ് തകൃതിയായി ചെയ്തു . നിറഞ്ഞ കണ്ണുകളോട് അവനോട് യാത്ര പറഞ്ഞു അവൾ പോയി. സങ്കടത്തോടുകൂടി നിൽക്കുന്ന ചക്കരയെ അവൾ കണ്ണിൽ നിന്നും മറയുവോളം നോക്കി നിന്നു. അങ്ങനെ കോളേജിൽ അവളുടെ ദിവസങ്ങൾ കടന്നുപോയി. ചക്കരയുടെ ഓരോ ഓർമ്മകളും അവളെ അലട്ടിക്കൊണ്ടിരുന്നു. ഇനി ഞാൻ വീട്ടിലേക്ക് പോകുമ്പോഴേയ്ക്കുംഎന്നെ അവൻ മറന്നിട്ടുണ്ടാകുമോ എന്നവൾ ഭയപ്പെട്ടു. കുറച്ചുദിവസത്തിനുശേഷം അവധി കിട്ടി. വീട്ടിലേക്ക് പോകാനുള്ള സന്തോഷത്തിലായിരുന്നു അവൾ.
വീട്ടിലെത്തിയ ഉടനെ അവൾ ചക്കരെ കാണാൻ ഓടിപ്പോയി. അവൻ അവളെ കണ്ടയുടനെ ഓടി വന്നു കെട്ടിപ്പിടിച്ചു. സന്തോഷത്തിന്റെ നിമിഷങ്ങൾ കൊഴിഞ്ഞുവീണു. അവർ ചിരിയിലും കളിയിലുമായി ഉല്ലസിച്ചു നടന്നു . പക്ഷേ അവളുടെ അവധി രണ്ടുദിവസം മാത്രമായിരുന്നു. വീണ്ടും മനസ്സിൽ ദുഃഖവുമായി അവൾ മടങ്ങി.
അങ്ങനെ മാസങ്ങൾ കടന്നുപോയി. ഓരോ അവധി കിട്ടുമ്പോഴും സന്തോഷത്തോടെ പോയി മടങ്ങി വന്നു. അങ്ങനെയിരിക്കെ പെട്ടെന്നൊരു അവധിയിൽ അവൾ ചക്കരയേയും തേടി അവന്റെ വീട്ടിലേക്ക് പോയി. അവന് സുഖമില്ലാതെ കിടക്കുന്ന കാഴ്ചയാണ് അവൾക്ക് കാണാൻ സാധിച്ചത്. അവളുടെ കണ്ണുകളെല്ലാം നിറഞ്ഞു അവനെ തലോടിക്കൊണ്ട് 'ചക്കരയുടെ അസുഖം പെട്ടെന്ന് സുഖപ്പെടുത്തണേ അള്ളാഹ് ' ന്ന് പ്രാർത്ഥിച്ച് അവൾ വീട്ടിലേക്ക് പോയി. പിറ്റേദിവസം അവൾ എന്തോ ആവശ്യത്തിനു വേണ്ടി പഴയ സ്കൂളിലേക്ക് പോയി. തിരിച്ചു വന്നപ്പോൾ കുറച്ചു വൈകിയിരുന്നു.
ഉമ്മറപ്പടയിൽ എന്തോ ആലോചനയിലായിരുന്ന അവളെ നോക്കി എന്ത് പറയണമെന്നറിയാതെ പുറകിൽ നിന്ന് ഉമ്മയൊരു നിസ്സഹായ നെടുവീർപ്പിട്ടു. എന്നിട്ട് പതിയെ അവളെ വിളിച്ചു. ആയിശൂ ചായ കുടിക്കുന്നില്ലേ.. ആ ഉമ്മ.. ഞാൻ ചക്കരക്ക് ഭക്ഷണം കൊടുത്തിട്ട് വരാം.. എന്നും പറഞ്ഞ് എഴുന്നേൽക്കാൻ നിന്ന അവളെ ഉമ്മ വീണ്ടും ഒരു പതുങ്ങിയ ശബ്ദത്തിൽ പറഞ്ഞു ചക്കരയ്ക്ക് ഇന്ന് തീരെ വയ്യാതായി.. എന്ന് കേട്ടപ്പോയേക്കും അള്ളാന്ന്.. വിളിച്ച് ഓടാൻ നിന്ന അവളുടെ കാലുകളെ പിറകിൽ നിന്ന് കേട്ട വാക്കുകൾ ഞെട്ടലോടെ പിടിച്ചു നിർത്തി. "ആയിശൂ.. നമ്മളെ ചക്കര നമ്മളെ വിട്ടു പോയടീ..
കോരിത്തരിച്ച മനസ്സിൽ ആ വാക്കുകൾ കളവാകണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവൾ ഉമ്മയെ നോക്കി. എത്ര നിയന്ത്രിച്ചിട്ടും നിറഞ്ഞു വന്ന ആ കണ്ണുനീരിനെ പിടിച്ചുനിർത്താൻ അവൾക്ക് കഴിഞ്ഞില്ല. അവൾ റൂമിലേക്ക് ഓടിപ്പോയി. തൻ്റെ കണ്ണുനീരിനെ ഏറ്റുവാങ്ങാൻ എന്നപ്പോലെയിരിക്കുന്ന തലയണയെ അവൾ വാരിപ്പുണർന്നു.
നിറഞ്ഞൊഴുകുന്ന മഴയെപ്പോലെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി. കരഞ്ഞു കരഞ്ഞു വീർത്തുണർന്നതും ചോരക്കലർപ്പിനെ പോലെ ചുവന്ന കണ്ണുകളുമായി അവൾ അവന്റെ വീട്ടിലേക്ക് പോയി. എന്ത് ചെയ്യണമെന്നറിയാതെ അവൾ കൈകൾ പൊത്തിപ്പിടിച്ച് കരഞ്ഞു. ഒരു പെയ്തൊഴിയലിനായി കാർമേഘം അപ്പോൾ വെമ്പുന്നുണ്ടായിരുന്നു.
ആയിശൂ.. നിനക്കിപ്പഴും ഒരുങ്ങാനായില്ലേ.. ഓർമ്മകളിൽ മുഴുകിയിരുന്ന അവൾ ഞെട്ടലോടെ ഉണർന്നു കൊണ്ട് ആ ഉമ്മ.. എന്ന് മറുപടി കൊടുത്തു. ഇപ്പോഴും ആ വീട്ടിൽ നിന്നും പുഞ്ചിരിക്കുന്ന ചക്കരേ നോക്കി അവൾ മനസ്സിൽ പിറുപിറുത്തു. "എന്തിനാടാ നീ എന്നെ വിട്ടു പോയത്? നീയില്ലാതെ ഞാൻ ഇനി എങ്ങനെ കഴിയും? .. എനിക്ക് നിന്നെ അവസാനമായി ഒരു നോക്ക് പോലും കാണാൻ സാധിച്ചില്ലല്ലോ.. നമ്മൾ ഒരുമിച്ചല്ലേ എപ്പോഴും, എല്ലായിടത്തും, പോയിരുന്നത്. പിന്നെ എന്തിനാ ഇപ്പോൾ നീ മാത്രം പോയത്..എന്നെ കൂടെ കൊണ്ടുപോയിക്കൂടായിരുന്നോ? നിന്റെ ഓർമ്മകൾ എന്നെ അലട്ടിക്കൊണ്ടിരിക്കുകയാണ്. അന്ന് മഴയുള്ള ദിവസം നിനക്ക് ഓർമയില്ലേ..? നമ്മൾ ഉമ്മറപ്പടയിൽ ഇരുന്നതും നീ എൻ്റെ മടിയിൽ തലചായ്ച്ചു മയങ്ങിയതുമെല്ലാം.. ഞാൻ നിന്നെ കോളേജിലേക്ക് കൊണ്ടുപോകാത്തത് കൊണ്ടാണോ നീ പോയപ്പോ എന്നെ കൊണ്ട് പോവാതിരുന്നേ?
നിന്റെ കരച്ചിൽ കേട്ടാൽ ഞാൻ പെട്ടെന്ന് വരാറില്ലേ? എന്നെ കണ്ടാൽ നീ കരച്ചിൽ നിർത്തിയിരുന്നല്ലോ.. എന്നെ കാണുമ്പോൾ നിനക്ക് അത്രമേൽ സന്തോഷം ഉണ്ടായതുകൊണ്ടല്ലേ. ഇപ്പോൾ നിന്നെ കാണാതെ ഞാൻ എത്ര വിഷമിക്കുന്നുണ്ടെന്ന് നിനക്കറിയോ... നിനക്ക് ഉമ്മയില്ല എന്ന കുറവൊന്നും ഞാൻ വരുത്തിയിരുന്നില്ലല്ലോ.. നിനക്കറിയോ എൻ്റെ ചക്കരയ്ക്ക് ദീർഘായുസ്സ് നൽകണേ എന്ന് ഞാൻ എപ്പോഴും റബ്ബിനോട് പ്രാർത്ഥിക്കാറുണ്ടല്ലോ.. പിന്നെ എന്തേ റബ്ബ് നിന്നെ പെട്ടെന്ന് കൊണ്ടുപോയേ..? അല്ലേലും നല്ല ആളുകളെ റബ്ബ് പെട്ടെന്ന് കൊണ്ടുപോകും എന്നല്ലേ.. അതായിരിക്കും ല്ലേ.. ചക്കരേ... നീ സ്വർഗ്ഗത്തിലാണെന്ന് എനിക്കറിയാം, ഇവിടെയോ നീ എന്നെ കൊണ്ടുപോയില്ല. അവിടെയെങ്കിലും എന്നെ കൂടെ കൊണ്ടുപോകണേ.. മറ്റുള്ള ആടുകളെ പോലെ നിന്നെ ഞാൻ ഒരു ആട് മാത്രമായി കണ്ടിട്ടില്ലല്ലോ... എന്നിട്ടും എന്നെ നീ ഈ മനുഷ്യരുടെ കൂട്ടത്തിൽ തനിച്ചാക്കി പോയില്ലേ..
നിറഞ്ഞ കണ്ണുമായി നിൽക്കുന്ന അവളെ കണ്ടു അടുത്തുപോയി ഉമ്മാ അവളെ സ്വാന്തനിപ്പിച്ചുകൊണ്ട് പറഞ്ഞു : വിധിയെ നമുക്കൊരിക്കലും തടയാൻ കഴിയില്ലല്ലോ.. ഇനി അതും ആലോചിച്ച് പഠിപ്പിന് കോട്ടം വരുത്തണ്ട. അങ്ങനെ അവൾ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ബാണ്ടക്കെട്ടുകളൊക്കെയും കാറിൽ വച്ചു. ഒന്നുകൂടെ അവൾ ആ കൂട്ടിലേക്ക് നോക്കി. അവിടെ ചക്കര പുഞ്ചിരിച്ചു നിൽക്കുന്നത് പോലെ അവൾക്ക് തോന്നി. അവനെയും നോക്കിക്കൊണ്ടവൾ മനസ്സിൽ പറഞ്ഞു: ഞാൻ പോകുന്നന്നുട്ടോ.. എന്നെ സ്നേഹിച്ചു കൊണ്ടാണെന്ന് മനസ്സിലാക്കണം. നീയും ഞാനുമായി പരിചയപ്പെട്ടതെന്നാണ്? പരിചയപ്പെട്ടോ? ഞാൻ ശ്രമിച്ചു. ഒടുവിൽ സ്നേഹിക്കാൻ മാത്രം പഠിച്ചു. ഇല്ല ഒന്നും ശരിക്കറിഞ്ഞുകൂടായിരുന്നു. അജ്ഞത. കാര്യമായി ഒന്നും അറിഞ്ഞില്ല. യാത്രയ്ക്കുള്ള സമയം വളരെ വളരെ അടുത്തു കഴിഞ്ഞു.
നീയും ഞാനും എന്നുള്ള യാഥാർത്ഥ്യത്തിൽ നിന്ന് അവസാനം ഞാൻ മാത്രമായി അവശേഷിക്കുവാൻ പോവുകയാണ്
ഞാൻ മാത്രം...
രചന : അഫീഫ പി ഇല്ലത്തുമാട്
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
No comments: