സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

കടച്ചക്ക

കടച്ചക്ക
(കാർഷിക കഥ )
രചന : അനിൽ മണ്ണത്തൂർ


എൻ്റെ വീട്ടിൽ ഒരു കടച്ചക്കമരം ഉണ്ടായിരുന്നു.

അവൻ്റെ കഥയാണ് ഞാൻ പറയുന്നത്,

അവൻ്റെ അതിജീവനത്തിൻെറ കഥ.
"ഓഹ് ഒരു ശീമപ്ലാവിനെ കുറിച്ച് ഇത്രയൊക്കെ പറയാനെന്താ?

നാട്ടിലൊക്കെ ഉള്ളതല്ലേ?

എൻ്റെ കുട്ടി കാലത്ത് നാട്ടിലൊന്നും ഇത് ഉണ്ടായിരുന്നില്ല,

കടകളിലും.
തോട്ടത്തിലെ കാർത്ത്യായനി അമ്മയുടെ വീട്ടിൽ ഒരു മരമുണ്ടായിരുന്നു. അവർ ഒന്ന് രണ്ടെണ്ണം കൊണ്ടു തരുമായിരുന്നു,

വലിയമ്മാവൻ കോഴിക്കോട് നിന്ന് വരുമ്പോൾ വാങ്ങി വരുമായിരുന്നു.

      അങ്ങനെ അപൂർവ്വ മായ് കിട്ടിയിരുന്ന കടച്ചക്കയുടെ തൈ ആണ് ഒരു കാർഷിക നഴ്സറികാർ അമ്മ പഠിപ്പിക്കുന്ന പിലാശ്ശേരി സ്കൂളിൽ കൊണ്ട് വന്നത്.

 രാവിലെ വാങ്ങി വെച്ച തൈ വൈകുനേരമായപ്പോഴെക്കും വാടികൊഴി ഞ്ഞിരുന്നു.

 അത് കളഞ്ഞേക്കാൻ അമ്മയുടെ സഹപ്രവർ ത്തകരും, ഞങ്ങൾ വീട്ടിലുള്ളവരും നിർബന്ധിച്ചു.

 അമ്മ വാശി പിടിച്ച് അയൽ വീട്ടിലെ കൃഷ്ണദാസേട്ടനെ കൊണ്ട് നട്ടുപിടിപ്പിച്ചു.

രണ്ട് ദിനം മണ്ണിൽ വീണ് കിടന്ന് അത് പതുകെ തല ഉയർത്താൻ തുടങ്ങി, ഇലകളൊക്കെ കൊഴിഞ്ഞ് പുതുനാമ്പ് വളരാൻ തുടങ്ങി.

 അന്നൊക്കെ മലയോര മേഖലയിൽ നിറഞ്ഞ് നിന്ന ബ്രഡ് ഫ്രൂട്ടിനെ ചേട്ടൻമാരുടെ ചക്ക എന്നാണ് ഞങ്ങൾ വിശേഷിപ്പിച്ചിരുന്നത്.
      
കുറഞ്ഞ കാലം കൊണ്ട് അതിജീവിച്ച് വന്ന തൈക്ക് അമ്മ ചാണക പൊടി വിതറുമായിരുന്നു.
       
അന്ന് വീട്ടിൽ ഒരു നാടൻ പശുകുട്ടി ഉണ്ടായിരുന്നു, ആച്ഛമ്മ കുട്ടിമോന് അതായത് എനിക്ക് പാല് കുടിക്കാൻ വേണ്ടി പൂളക്കോട് നിന്ന്  പിലാശ്ശേരിയിലേക്ക് കൊടുത്തുവിട്ടതാണ്.

വേനൽ കാലത്ത് പാലിയിലെ വാസു ഏട്ടൻ അതിനെ കൊയകാട്ടിൽ എത്തിച്ചു. 

പിറ്റേന്ന് രാവിലെ അച്ഛൻ നോക്കുബോൾ മൂപ്പത്തിയെ കാണുന്നില്ല. 

അവിടെ മൊത്തം തിരഞ്ഞെങ്കിലും മൂപ്പത്തിയെ കണ്ടു കിട്ടിയില്ല. 

അന്ന് അച്ഛന് സ്കൂളിലേക്ക് നേരത്തെ പോവാനുള്ളതിനാൽ മാമൻമാരെ അന്വേഷണ ചുമതല ഏൽപ്പിച്ചു. 

പൂളക്കോട്  
 സ്കൂളിലേക്ക് പോകുമ്പോൾ ആർ. ഇ. സി ഗേയ്റ്റിൻ്റെ മുന്നിലുണ്ട് വാസു ഏട്ടനും പശുവും. 

പ്രസവിക്കാനായി മൂപ്പത്തി രാത്രിയിൽ പുഴകടന്ന് തറമണ്ണിലെ ആലയിൽ എത്തിയിരുന്നത്രേ. 

അങ്ങനെ മൂക്ക് കുത്തിച്ച് മൂപ്പത്തിയെ കൊയകാട്ടിൽ എത്തിച്ച് രണ്ടാഴ്ചകൊണ്ട് പ്രസവവും കഴിഞ്ഞു.
        
പറഞ്ഞ് വന്നത് ചാണകം നന്നായ് നൽകിയതിനാൽ ഒരു വർഷം കൊണ്ട് ശീമപ്ലാവ് നല്ല വളർച്ച എത്തി. 

നീണ്ടതും കട്ടിയുള്ളതുമായ ഇലകൾ കൊണ്ട് നിറഞ്ഞ അവൻ ഒരു സുന്ദരനായിരുന്നു.
      
ആ സമയത്താണ് അടുത്ത പുകിൽ, ശീമചക്ക വളർന്നാൽ കടം വന്ന് മുടിയുമത്രേ. 

വരുന്നവരും പോകുന്നവരും മുഴുവൻ പറയാൻ തുടങ്ങി. 

കിഴക്കൻ ഭാഗത്തുള്ളവരൊക്കെ ഇവനെ മുറിച്ചു കളയുകയാണ്.

കുടുംബക്കാരും ബന്ധുകളുമൊക്കെ നിർബന്ധിച്ചെങ്കിലും അമ്മ സമ്മതിച്ചില്ല.
      

അങ്ങനെ അമ്മയുടെ ഓമനയായ് കടപ്ലാവ് വളരുന്നതിനിടയിൽ, ഞാനും മാമൻ്റെ മകനും കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പുതിയതായ് വാങ്ങിയ ചെറിയ മഴു അവൻ്റെ കൈയ്യിൽ കിട്ടിയത്. 

മൂപ്പര് മൂർച്ച നോക്കിയത് കടച്ചക്ക മരത്തിൽ, രണ്ട് മൂന്ന് നല്ല വെട്ട് വെള്ളകറ ഒഴുകാൻ തുടങ്ങി. 

പുറകിലൂടെ ഓടി വന്ന ദിവാകരമാമൻ മഴു പിടിച്ചു വാങ്ങി. 

മൂപ്പര് എന്തൊക്കെയോ മരത്തിന് ചുറ്റും ചെയ്തു.
     പിറ്റേന്ന് മുതൽ ഇലകൾ വാടി വീണു മരം ശോഷിച്ചു. അതിൻ്റെ കാലം കഴിഞ്ഞെന്ന് ഞങ്ങൾ വിധിയെഴുതി. 

ദൈവവിശ്വാസിയായിരുന്ന അമ്മ വെള്ളം ഒഴിച്ചു കൊടുക്കൽ തുടർന്നു. കടത്തിൽ നിന്ന് ഞങ്ങളെ രക്ഷപെടുത്താൻ ദൈവം  കുഞ്ഞിനെ കൊണ്ട് ചെയ്യിച്ചതാണന്ന് അയൽവാസികൾ.
    
എന്തായാലും അമ്മയുടെ ഇച്ചാശക്തിയോ, അവൻ്റെ അതിജീവനശക്തിയോ മൂപ്പര് വീണ്ടും കരുത്തോടെ വളരാൻ തുടങ്ങി.
       

കാലങ്ങൾ കടന്ന് പോയി, കായ്കൾ കൊണ്ട് കൊമ്പുകൾ മണ്ണിൽ ചുംബിക്കുന്ന അവസ്ഥയായ്. ബന്ധുകൾക്കും  അയൽവാസികൾക്കും പശുകൾക്കും ഒക്കെ നൽകിയിട്ടും കായ്കൾ തീർന്നില്ല. 

വർഷവും ഇലകൾ വെട്ടി തെങ്ങിന് പൊതയിടും.
  അമ്മ മരിച്ച കൊല്ലം കണ്ണീർ കണക്കെ ചക്കകൾ ഉണ്ടായിരുന്നു. 

വേരിൽ ധാരാളം തൈകൾ ഉണ്ടായി. ചക്കക്ക് വരുന്നവരൊക്കെ തൈകൾ ഏൽപിക്കും, പിന്നീട് ആരും വരാറില്ല. 

ശാസ്ത്രയുഗത്തിലെ മലയാളിയുടെ ധൈര്യമാവാം!
      
ഒന്നുണ്ട് അമ്മക്ക് പഞ്ചായത്തിൻ്റെ കർഷക അംഗീകാരം ലഭിക്കാൻ ബ്രഡ് ഫ്രൂട്ട് നല്ല സഹായം ചെയ്തിട്ടുണ്ട്.
       
അമ്മയുടെ മരണശേഷം 2018 ലെ മഹാമാരിയിലാണ് വീടിൻ്റെ മുറ്റത്ത് ആദ്യമായ് വെള്ളം കയറിയത്. 

നാല് ദിവസം വെള്ളം നിന്നു, നാലാം നാൾ അർധരാത്രി ശക്തമായ ശബ്ദം കേട്ട് നോക്കുമ്പോയാണ് മൂപ്പര് നിലം പതിച്ചിരിക്കുന്നു. തൊട്ടുള്ള  അടുക്കളയുടെ ഒരു ഓടോ ബാത്റൂമിൻ്റെ ഭിത്തിയോ അവൻ തൊട്ടില്ല. 

അടുത്തുള്ള വാഴയോ കവുങ്ങിനെയോ ഒന്നിനെയും അവൻ സ്പർശിച്ചില്ല. 

വെള്ളം മൂലം വേര് ചീഞ്ഞ് വീഴുമ്പോയും അവൻ ഞങ്ങളോട് കാട്ടിയ സുരക്ഷ ഒരു കാശ് പോലും കളഞ്ഞില്ല.

മാത്രമല്ല നൂറ് കണക്കിന് കായ്കളാണ് അന്നും തന്നത്. 

മഹാമാരി മൂലം കട തുറക്കാതിരുന്ന സമയത്ത് അവൻ്റെ കായ്കൾ എത്ര വിലപ്പെട്ടതായിരുന്നു.
     
കടം വരുത്തുന്നവനല്ല അവൻ എന്ന അമ്മയുടെ വിശ്വാസം ശരിയായിരുന്നു എന്ന് അവൻ്റെ ജീവിതം തെളിയിച്ചു.
രചന : അനിൽ മണ്ണത്തൂർ
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി 
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
 94962 63144
സുരേഷ് എരുമേലി
 86065 44750
ശരണ്യ ലിജിത് 
7356176550
║▌║█║▌│║▌║▌██║▌

No comments: