ബോൻസായി വീട്ടിലെ കടലാസ്പൂക്കൾ
(ചെറുകഥ )
രചന : മഹേഷ് ഏബ്രഹാം
ബോൻസായി മരങ്ങൾ ചെറുകിനെ തളിർത്തു വളർന്ന എന്റെ അയല്പക്കത്തെ വീട്ടിൽ എന്റെ ബാല്യഹൃദയം അന്ന് ആകർഷിക്കപ്പെട്ടത് അവിടുത്തെ കടലാസ് പൂക്കളിലായിരുന്നു.
കടലാസ് പൂക്കൾ കാണാൻ എന്നും കണ്ണ് നട്ടിരുന്ന എട്ടാം ക്ലാസുകാരൻ കണ്ടത് അതിനോട് ചേർന്ന ആളൊഴിഞ്ഞ വീടും ക്ലാവ് പിടിച്ച ചുറ്റുമതിലുമായിരുന്നു.
ഒരിക്കൽ അനിയത്തിയുടെ കൈ പിടിച്ചു പള്ളിക്കൂടത്തിൽ നിന്നും മടങ്ങവേ ആ മതിൽ തേച്ചു പിടിപ്പിക്കുന്ന ഒരു കൂട്ടം ആളുകളെ കണ്ടു.
ഇവരെന്താ ഇവിടെ കാട്ടുന്നത്?
അനിയത്തി പെണ്ണ് മാളു എന്നോട് ചോദിച്ചു.
പല്ലിൽ മുറുക്കാൻ കറ ഉള്ള ഒരുവൻ അതിനുത്തരമായി മാളുവിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു “ഇനിയല്ലേ കുട്ട്യോളെ കാണാൻ പോകുന്നത്. .
ഏതോ ശക്തിയാൽ ഞാൻ ആ കൈ അടർത്തി മാറ്റി മാളുവുമായി വീട്ടിൽ പോയി.
പിന്നീട് ബോൻസായി വീട്ടിലെ കാര്യങ്ങൾ വേഗതയിൽ ആയിരുന്നു ക്ലാവ് പിടിച്ച മതിൽ പൊട്ടും പൊടിയുമായി ഒരു നാടക ശാലയുടെ ചുറ്റുമതിൽ പോലെ പിങ്ക് നിറങ്ങളാൽ അലങ്കരിക്കപ്പെട്ടു.
വീട്ടിലെ ജാലക വാതിലിലൂടെ ഞാനും മാളുവും അയൽവീടിന്റെ ഓരോ അലങ്കാരങ്ങളും ദിനം പ്രതി കണ്ട് കൊണ്ടിരുന്നു.ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ആ വീടിനെ ബോൻസായി വീടെന്നു വിളിച്ചു.
അങ്ങനെ ആ ദിവസം വന്നു ബോൻസായി വീടിന്റെ പാലുകാച്ചാൽ ആയി, ഒരു ഞായർ ആയതിനാൽ എനിക്കും മാളുവിനും അത് കാണാൻ കഴിഞ്ഞു, ജാലക ചില്ലിലൂടെ മാത്രം കാരണം ഞങ്ങളെ ആരും ബന്ദി ആക്കിയത് കൊണ്ടല്ല മറിച്ച് അവർ ഒരു അയല്പക്കകാരെയും ക്ഷണിച്ചിരുന്നില്ല.
രണ്ടു ചക്രങ്ങൾ കൊണ്ടും നാല് ചക്രങ്ങൾ കൊണ്ടും ഓടുന്ന വാഹനങ്ങൾ ഏറെ അവിടെ വന്നു, അവരിൽ എല്ലാം ലക്ഷണമൊത്ത സ്ത്രീകളും, പുരുഷന്മാരും ഞങ്ങളെ പോലെ കുട്ടികൾ ആരെയും കണ്ടില്ല അതിൽ തെല്ലു പരിഭവവും തോന്നി കാരണം ഞങ്ങൾ അയല്പക്കത്തെ കളി കൂട്ടുകാരെ ആശിച്ചിരുന്നു.
ആഘോഷങ്ങൾ അടങ്ങി അതിഥികൾ ഓരോരുത്തരായി പിരിഞ്ഞു തുടങ്ങി അവിടെ മൂന്നു സ്ത്രീകളും രണ്ടു പുരഷന്മാരും മാത്രം ബാക്കിയായി. .പക്ഷേ പിന്നെയും അവിടെ അതിഥികൾ വന്നു തുടങ്ങി പല പല വാഹനങ്ങളിലായി രാവ് മായും വേളയിൽ അവിടെ വാഹനങ്ങൾ ഏറിയിരുന്നു. ..അങ്ങനെ രാവ് മാഞ്ഞ ഒരു പകലിൽ ആയിരുന്നു സ്കൂളിൽ പോകവേ മൂന്നു സ്ത്രീകളിൽ പ്രായം കുറവുള്ളവളെ കടലാസ് ചെടി മരത്തിനു ചുവട്ടിൽ ഇരിക്കുന്നത് കാണുവാൻ കഴിഞ്ഞത് അവൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.“എന്താ അപ്പു ഇങ്ങനെ നോക്കണത് ”കണ്ട പടിയാലേ അവൾ ചോദിച്ചു.
അപ്പു എന്ന എന്റെ പേര് ഇവൾ എങ്ങനെ അറിഞ്ഞു അതിനുത്തരം അവളുടെ പൂച്ച കണ്ണുകൾ തന്നുവോ? കഴിഞ്ഞ കൊല്ലം ക്ലാസ്സിൽ ചേർന്ന് ആ കൊല്ലം തന്നെ പഠിപ്പു മതിയാക്കിയ ശാന്തിനി അല്ലെ ഇത്. ഇവൾ എങ്ങനെ ഇത്ര നിറം വെച്ചു ?ഇത്ര തടിച്ചു? ഏഴാം ക്ലാസ്സ് കൊല്ല വർഷ പരീക്ഷക്ക് രണ്ടു മാസം മുൻപ് ഫീസ് കുടിശിക ബാക്കിയുള്ള ഒട്ടിയ കവിളും മെലിഞ്ഞ ശരീരവും പൂച്ച കണ്ണുമുള്ള ശാന്തിനിയെ ഞാൻ ഇപ്പോൾ ഓർക്കുന്നു അവളെ അവസാന നാളുകളിൽ ക്ലാസ്സിൽ കണ്ടിരുന്നില്ല കൊല്ല പരീക്ഷ എഴുതിയതായി അറിവും ഇല്ല.
അവളുടെ പൂമുഖ പടിയെ നിന്ന് കൊണ്ട് ഞാൻ ഇങ്ങനെ ചോദിച്ചു “ശാന്തിനി അല്ലേ. .ശാന്തിന്യോ ഏത് ശാന്തിനി ഞാൻ അശാന്തിനീ ആണ് പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ കടലാസ് പൂക്കൾ നിറഞ്ഞ വെള്ളാരം മണൽ തരികൾ എനിക്ക് നേരെ എറിഞ്ഞു ഞാൻ മാളുവിന്റെ കൈ പിടിച്ചു അവിടുന്ന് നടന്നു നീങ്ങി ”അത് യക്ഷിയാണോ അപ്പേട്ടാ? “മാളുവിന്റെ ചോദ്യത്തിന് ഞാൻ ഉത്തരം നൽകിയില്ല.ഞങ്ങൾ പതിയെ നടന്നു നീങ്ങി.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി ബോൻസായി വീട്ടിൽ അതിഥികൾ കൂടുന്നതിനൊപ്പം ആരവങ്ങളും ഏറി ഞങ്ങൾ ഉൾപ്പെടെ ഉള്ള അയൽവക്കങ്ങൾ രാത്രിയിലെ ഒച്ചപ്പാട് കേട്ട് ഉണരുന്നത് പതിവായി ഇടയ്ക്കിടെ സ്കൂളിൽ പോകുന്ന വേളയിൽ ശാന്തിനിയെ മാളുവിന്റെ ഭാഷയിൽ പറഞ്ഞാൽ പൂച്ച കണ്ണുള്ള യക്ഷിയെ കാണുമായിരുന്നു ഇപ്പോഴും അവൾ എന്നെ കാണുമ്പോൾ ചിരിക്കാറുണ്ട് പക്ഷേ അവളുടെ മുഖത്തിന്റെ തേജസ്സ് കുറഞ്ഞു മനോഹരമായ കണ്ണുകളുടെ അടിയേ കറുപ്പ് പതിഞ്ഞു തുടങ്ങി അവൾ കൂടുതൽ തടിവെച്ചു തുടങ്ങി മാറിടങ്ങൾ ഏറെ വലുതായി.
അങ്ങനെ എട്ടാം ക്ലാസ്സിലെ കൊല്ല പരീക്ഷ തീർന്ന ഒരു മീന മാസത്തിൻ രാത്രിയിൽ ഞാൻ ഞെട്ടി ഉണർന്നു ഞാൻ ഉണർന്നപ്പോഴാണ് അറിഞ്ഞത് എനിക്ക് മുൻപേ അച്ഛനും അമ്മയും മാളുവും ഉണർന്നിരിക്കുന്നു.
നീലയും വെള്ളയും ഇടകലർന്ന പോലീസ് വാഹനത്തിന്റെ വെട്ടം എന്റെ കണ്ണിനെ ചൂഴ്ന്നു എടുക്കുമോ എന്ന് ഭയപ്പെട്ടു.
.പണ്ട് ബോൻസായി വീടിന്റെ പാലുകാച്ചൽ കണ്ട ജാലകത്തിലൂടെ ഞാൻ വീണ്ടും നോക്കി കാണികളായി കുറെ അയൽക്കൂട്ടങ്ങൾ കൈയിൽ മൈക്കും ക്യാമറയുമായി മൂന്ന് യുവാക്കളും രണ്ട് യുവതികളും എന്തൊക്കെയോ പറയുന്നു. .സാരി തലപ്പ് കൊണ്ട് മുഖം മൂടി രണ്ട് സ്ത്രീകളും ഒരു യുവാവും വെള്ള വസ്ത്രം ധരിച്ച ഒരു മധ്യവയസ്ക്കനും വീടിന്റെ മുൻ വാതിലിലൂടെ നടന്നു ജീപ്പിന് പുറകു വശത്തായി പോലീസ് അകമ്പടിയോടു കൂടെ കയറി.
നിമിഷങ്ങൾക്കകം നീലയും വെള്ളയും കലർന്ന വെളിച്ചത്തിൽ ഒരു പോലീസ് വാഹനം കൂടി വന്നു ഒപ്പം മൈക്കും ക്യാമറയുമായി വന്ന യുവതി യുവാക്കളും അയൽക്കൂട്ടങ്ങളും കൂടി, പീടിക പൂട്ടിയ മൊയ്തു ഹാജി പീടിക തുറന്ന് റാന്തൽ തെളിച്ചു പഴയെ പോലെ മുറുക്കാനും സിഗരേറ്റും വിറ്റു തുടങ്ങി.
മുഖം ഷാൾ കൊണ്ട് മറക്കപ്പെട്ടിരുന്നെങ്കിലും അവളുടെ പൂച്ച കണ്ണുകൾ മറഞ്ഞിരുന്നില്ല അവളെയും ഒപ്പം തടിച്ചിരുണ്ട ഒരു ഖദർ കുപ്പായക്കാരനെയും അവസാനം വന്ന പോലീസ് ജീപ്പിന്റെ പിൻ വശത്തേക്കായി കാക്കി പട്ടാളം ഇരുത്തി മുൻപ് പോയ സ്ത്രീകളുടെ അരികെ വന്ന ജന കൂട്ടത്തെക്കാൾ ഇക്കുറി വന്നു.
“ഇത് കേരള രാഷ്ട്രീയത്തെ മുഴുവൻ മാറ്റിമറിക്കുന്ന സംഭവമായി തീരും. .
കൈയിലുള്ള മൈക്കുമായി ക്യാമറ ക്കു മുന്നിൽ നിന്നും ഒരു സ്ത്രീ ആർത്തു അട്ടഹസിച്ചു.
ഏറെ കഥകൾ പറഞ്ഞ ആ രാവ് അങ്ങനെ തീർന്നു ..ഒരുപാട് രാവുകൾ തീരുകയും പകലുകൾ വരുകയും ചെയ്തു ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയി അയൽവക്കത്തെ ബോൻസായി വീട്.
ഏഴാം ക്ലാസ്സിൽ പഠിപ്പ് മതിയാക്കി ആരുടെയോ ചതിയിൽകുടുങ്ങിയ ശാന്തിനി എന്ന പെൺകുട്ടിയെ ദൃശ്യ മാധ്യമങ്ങൾ ആഘോഷമാക്കി.
നാട്ടിൻ പുറങ്ങളിലെ ചില ദുഷിച്ച നാവുകളും അവളുടെ കഥകൾ പാടി നടന്നു.
കാലവർഷം കൊടിയേറിയ ഒരു പ്രഭാതത്തിൽ പുതിയ അദ്ധ്യായനവർഷത്തിന്റെ വാതിൽക്കലേക്കു ഇരു കുടകളുമായി ഞാനും മാളുവും നടന്നു നീങ്ങി.
അലങ്കാരങ്ങൾ കൊണ്ട് മൂടിയ അതിഥികളുടെ ആ വീട് ഇന്ന് കാട് മൂടിയ ഒരു പ്രേ താലായം പോലെ ആയി മാറി.തുരുമ്പ് പിടിച്ച ചങ്ങല കൊണ്ടും താഴ് കൊണ്ടും മുൻ വശത്തെ ഗേറ്റ് അടഞ്ഞു കിടന്നു, ഗേറ്റിന് താഴെ ഉള്ള വിടവിലൂടെ പുൽ നാമ്പുകളും ചെളികട്ടകളും ഒലിച്ചിറങ്ങി ഒപ്പം ഒരു പിടി കടലാസ് പൂക്കളും.ഒഴിക്കിൽ വരിവരിയായി പോകുന്ന കടലാസ് തോണി പോലെ ആ പൂക്കൾ ഓടയിലേക്ക് പതിച്ചു.
രചന : മഹേഷ് ഏബ്രഹാം
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
No comments: