കടലിന്റെ കാമുകൻ
(കഥ)
രചന : ഇർഷാദ് നെച്ചിയൻ
ഇന്നലെയും ഞാൻ അവളെ കാണുവാൻ പോയിരുന്നു. മനസ്സ് മരവിക്കുമ്പോഴൊ ക്കെയും ആദ്യമെത്തൽ അവളിലേക്കാണ്.
പക്ഷെ പതിവുപോലെയവൾ എന്റെ അരികിലേക്ക് ഓടിവന്നില്ല.
എന്നെ കണ്ടപാടെ ഉൾവലിയാനാണ് ശ്രമിച്ചത്.
എന്തുപറ്റി ഒരുപാട് നാൾ കാണാത്തതിലെ പരിഭവമാണോ?
അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല.
ഓ വന്നപ്പോഴൊന്നും കൊണ്ടുവരാത്തതിന്റെ കുശുമ്പായിരിക്കും അല്ലേ?
ഞാനവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഉപ്പിലിട്ട മാങ്ങയും വാങ്ങി അവൾക്കരികിലേക്ക് ചെന്നു.
അപ്പോഴുമവളുടെ മുഖഭാവങ്ങളിൽ മാറ്റമില്ലായിരുന്നു.
എന്തുചെയ്യണമെന്നറിതെ നിരാശനായി ഞാൻ രണ്ട് കൈകളും കെട്ടി അവളെ തന്നെ നോക്കി നിന്നു.
പെട്ടെന്നു മാനത്തു ഇടിമിന്നൽ പ്രത്യക്ഷമായി.
അന്തരീക്ഷമാകെ കറുത്തിരുണ്ടു. ശക്തമായൊരു മഴക്ക് അവിടം സാക്ഷ്യം വഹിച്ചു.
ചുറ്റുമുള്ളവരൊക്കെയും ഓടി താവളങ്ങളിൽ അഭയം പ്രാപിച്ചിരുന്നു.
ഞാനപ്പോഴും അവൾക്ക് കൂട്ടായവിടെ നിന്നു.
ആ നിമിഷമവൾ എന്റെയരികിലേക്ക് കരഞ്ഞുകൊണ്ടോടി വന്നു.
എന്നെ കെട്ടിപിടിച്ചു.
ആ ചേർത്തുനിർത്തലിൽ അവളുടെ ഹൃദയം വല്ലാണ്ട് പ്രകമ്പനം കൊള്ളുന്നതായി അനുഭവപ്പെട്ടു.
അവളുടെ കവിളിൽ ഒലിച്ചിറങ്ങിയ കണ്ണീരിൽ സ്പർശിച്ചപ്പോൾ വല്ലാത്ത നീരസം അനുഭവപ്പെട്ടു.
"എന്തു പറ്റി.. നീ വല്ലാതെ മാറിപ്പോയല്ലോ? "
പതിയെ അവൾ എന്റെ മുന്നിൽ മനസ്സ് തുറന്നു.
അവളുടെ വിശാലമായ ഹൃദയം ആഴത്തിൽ മുറിവേൽക്കപ്പെട്ടിരിക്കുന്നു.
ചുറ്റുമൊരുപാട് മനുഷ്യരാൽ നിറഞ്ഞിട്ടും അവളെന്നും തനിച്ചായിരുന്നു.
അഭയം കൊടുത്തവരൊക്കെയും തിരിച്ചു അവഗണന മാത്രം നൽകിയപ്പോൾ
പറയാനൊരിടമില്ലാതെ നോവുകളൊക്കെയുമവൾക്കു ഉള്ളിലേക്കു ആവാഹിക്കേണ്ടി വന്നു.
ഒരിക്കൽ പോലുമവളെ കേൾക്കാത്തത്തിൽ എനിക്കും കുറ്റബോധം തോന്നി.
സന്ധ്യയാകുവോളം ഞാനവളെ കേട്ടിരുന്നു.
പതിയെയവൾ ശാന്തമായി തുടങ്ങി.
മുഖത്തു മനോഹരമായ പുഞ്ചിരി വിടർന്നുനിന്നു.
വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ ഞാൻ യാത്ര പറഞ്ഞു.
തിരിച്ചു പോരുമ്പോ അവളെന്നോട് പറഞ്ഞു.
"ഒരിക്കലും എന്റെ അവസാനത്തെ കാമുകൻ നിയായിരിക്കില്ല.
എന്നെത്തേടി ഇനിയുമൊരുപാട്പേർ വരും
പക്ഷെ എന്നെ ആദ്യമായും അവസാനമായും കേട്ടത് നീ മാത്രമായിരിക്കും."
ആ മറുപടിയിൽ നിർവൃതിപൂണ്ട് ഞാൻ തിരിച്ചു പോരുമ്പോൾ, പരിഭവങ്ങളുടെ കെട്ടഴി ഞ്ഞ ആഹ്ലാദത്തിലവൾ വീണ്ടും ഉൾവലിയുകയായിരുന്നു.
രചന : ഇർഷാദ് നെച്ചിയൻ
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
No comments: